തൊടുപുഴയിലെ ഏഴുവയസുകാരന് ഒടുവില്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. സ്വന്തമെന്നു കരുതിയവര്‍, ചേര്‍ത്തുപിടിക്കേണ്ടവര്‍ എല്ലാമുണ്ടായിട്ടും ശരീരം കുത്തി തുളച്ചുകയറുന്ന വേദന ആവോളം അനുഭവിച്ചാണ് ആ കുരുന്ന് മരണത്തിലേക്ക് വഴുതിവീണത്. കുഞ്ഞിനെ മൃതപ്രായനാക്കിയ യുവതിയുടെ കാമുകന് അരുണ്‍ ആനന്ദ് ഇപ്പോള്‍ ജയിലിലാണ്. അരുണിനെതിരായ നിയമനടപടികളും തെളിവെടുപ്പും പോലീസ് മുറയ്ക്ക് നടത്തുന്നുണ്ട്. എന്നാല്‍ മറുവശത്ത് എല്ലാത്തിനും മൗനാനുവാദം നല്കിയ ഭര്‍ത്താവിന്റെ ചിത കത്തിയെരിയും മുമ്പേ അരുണിനൊപ്പം വീടുവിട്ടിറങ്ങിയ യുവതിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമാണ്.
തൊടുപുഴ ടുമ്പന്നൂരുകാരിയാണ് യുവതി. ബിടെക് ബിരുദധാരിയായ യുവതിയുടെ അമ്മ ടീച്ചറായിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തക. ഭരണത്തില്‍ നല്ല പിടിപാടുള്ള യുവതിയുടെ പാര്ട്ടിക്കാര് തന്നെയാണ് ഇപ്പോള്‍ യുവതിയെ മാപ്പുസാക്ഷിയാക്കി കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. ഇളയകുട്ടി പോലും അമ്മയോട് മിണ്ടാന്‍ ഭയപ്പെടുമ്പോള്‍ യുവതിക്ക് ആവശ്യമായ ക്രമീകരണങ്ങളെല്ലാം കോലഞ്ചേരിയില്‍ ചെയ്തു നല്‍കിയിരുന്നത് പാര്‍ട്ടിയിലെ ഉന്നതരാണ്.
ബിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സ്വന്തം പിതാവ് തന്നെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതാണ്. എന്നിട്ടും ഒരു തരിമ്പുപോലും അന്വേഷണം തുടങ്ങാന്‍ പോലീസ് മടിക്കുകയാണ്. ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം തന്നെയാണ് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
യുവതിയുടെ ഭര്‍ത്താവ് മരിക്കുന്നത് കഴിഞ്ഞവര്‍ഷം മേയ് 23നാണ്. ഉടുമ്പന്നൂരിലെ വീട്ടില്‍ ആ സമയം ബിജുവിന്റെ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികളെ വീട്ടില്‍നിര്‍ത്തി യുവതി തന്നെയാണ് അയല്ക്കാരന്റെ സഹായത്തോടെ ബിജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആശുപത്രിയിലെത്തും മുമ്പേ ബിജു മരിച്ചു.
തിരുവനന്തപുരത്ത് ശവസംസ്കാരത്തിനുശേഷം അരുണ്‍ ആനന്ദ് പ്രത്യക്ഷപ്പെടുകയും നാടകീയമായി യുവതിയെ വിവാഹം കഴിച്ച് ജീവിതം നല്കാന് തയാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യുവതിയും തനിക്ക് അരുണിനെ വിവാഹം കഴിക്കാനാണ് താല്പര്യമെന്ന് പറഞ്ഞു. അരുണിനെ അറിയാവുന്ന ബന്ധുക്കള്‍ യുവതിയെ ആകുന്നതും വിലക്കി. എന്നാല്‍ എല്ലാവരുടെയും വാക്കുകള്‍ ധിക്കരിച്ച് അഞ്ജന അരുണിനൊപ്പം പോയി.
മർദ്ദനമേറ്റ് പത്താം ദിവസമാണ് കുട്ടി മരിച്ചത്. ആദ്യം തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായാണ് കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം കുട്ടിയുടെ ചികിത്സ നിരീക്ഷിച്ചു വരികയായിരുന്നു.
കുട്ടിയെ രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് മെഡിക്കൽ സംഘം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും സാധ്യമായ ചികിത്സ നൽകുന്നത് തുടരുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള പ്രത്യേക സംഘവും കുട്ടിയെ പരിശോധിച്ചിരുന്നു. സർക്കാർ ചിലവിലാണ് ചികിത്സകൾ പുരോഗമിച്ചു വന്നിരുന്നത്.
വ്യാഴാഴ്ച കുട്ടിക്ക് ആഹാരം നൽകാൻ ശ്രമം നടത്തിയെങ്കിലും കുടലിന്റെ പ്രവർത്തനം സാധാരണ നിലയിൽ അല്ലാതിരുന്നതിനാൽ അതും വിജയിച്ചില്ല. ഇന്ന് രാവിലെ നില അതീവ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.
മാർച്ച് 27-നാണ് മർദ്ദനമേറ്റ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുട്ടിയുടെ പരിക്ക് കണ്ട് അസ്വാഭാവികത തോന്നിയ ഡോക്ടർമാർ വിവരം പോലീസിനെ അറിയിച്ചു.
കുട്ടി സോഫായിൽ നിന്നും വീണ് പരിക്കേറ്റുവെന്നായിരുന്നു മാതാവിന്റെയും കാമുകന്റെയും മൊഴി. ക്രൂരമർദ്ദനത്തിൽ കുട്ടിയുടെ തലയോട്ടി പിളർന്ന് തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നു. ഇതോടെ ഡോക്ടർമാർ വിദഗ്ധ ചികിത്സയ്ക്ക് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
കുട്ടിയുടെ പരിക്കിൽ സംശയം തോന്നിയ പോലീസ് മാതാവിനെയും സുഹൃത്ത് അരുണ്‍ ആനന്ദിനെയും കസ്റ്റഡിയിൽ എടുത്തു. പിന്നീട് ഇളയ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മനുഷ്യ മനസാക്ഷി മരവിക്കുന്ന ക്രൂര മർദ്ദനത്തിന്റെ കഥ പുറത്തുവന്നത്.
ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതിൽ പ്രകോപിതനായ അരുണ്‍ ആനന്ദ് ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ തല ഇയാൾ ഭിത്തിയിൽ ഇടിപ്പിച്ചെന്നും കട്ടിലിൽ നിന്നും തൊഴിച്ചു താഴെയിട്ടെന്നും പോലീസ് കണ്ടെത്തി.