തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ ഒന്നര വർഷത്തോളം പീഡനത്തിനിരാക്കിയ കേസിൽ കൂടുതൽ പേരിലേയ്ക്ക് അന്വേഷണം നീളാൻ സാധ്യത. കേസിൽ പെണ്‍കുട്ടിയുടെ മാതാവടക്കം 11 പേരെയാണ് ഇതിനോടകം അറസ്റ്റു ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബന്ധുവും റിട്ട.കൃഷി ഓഫീസറും ബസ് ജീവനക്കാരനും പോലീസ് പിടിയിലായിരുന്നു. സംഭവത്തിൽ കൂടുതൽ തെളിവുകൾ തേടി മുഖ്യപ്രതിയായ ഇടനിലക്കാരൻ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലും പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് തിരിച്ചറിഞ്ഞ പ്രതികളെ അറസ്റ്റു ചെയ്തതായും പോലീസ് പറഞ്ഞു.
എന്നാൽ സാന്പത്തികമായി ഉന്നത നിലയിലുള്ള ചിലർ പണം നൽകി പെണ്‍കുട്ടിയെ പീഡനത്തിനു വിധേയമാക്കിയിട്ടുണ്ടെന്ന സൂചനയെതുടർന്ന് വിശദമായ അന്വേഷണത്തിലാണ് പോലീസ്.
റിമാൻഡിൽ
റിട്ട. കൃഷി ഓഫീസർ കുമാരമംഗലം പെരുന്പള്ളിച്ചിറ പുതിയിടത്തുകുന്നേൽ മുഹമ്മദ് മൊയ്തീൻ (68), തൊടുപുഴയിലെ സ്വകാര്യ ബസ് ഡ്രൈവർ കുമാരമംഗലം പൊന്നാംകേരിൽ അനന്തു അനിൽ (24), എന്നിവരും പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മൊയ്തീനും അനന്തുവും കുമാരമംഗലത്തും തൊടുപുഴയിലെ വിവിധ സ്ഥലങ്ങളിലും എത്തിച്ചുമാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. വീട്ടിലെത്തി അടുപ്പം സ്ഥാപിച്ചാണ് ബന്ധു പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചത്.
ഇടനിലക്കാരൻ കുമാരമംഗലം മംഗലത്ത് ബേബി എന്ന് വിളിക്കുന്ന രഘു (51) വർക്ക് ഷോപ്പ് ജീവനക്കാരനായ പടി.കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), തൊടുപുഴ ടൗണിൽ ലോട്ടറി വ്യാപാരിയായ ഇടവെട്ടി വലിയജാരം ഭാഗത്ത് പോക്കളത്ത് ബിനു (43), വാഴക്കുളത്ത് കെഎസ്ഇബി ജീവനക്കാരനായ കല്ലൂർക്കാട് വെള്ളാരംകല്ല് വാളന്പിള്ളിൽ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ കൊട്ടൂർ തങ്കച്ചൻ (56), മലപ്പുറം പെരിന്തൽമണ്ണ ചേതന റോഡിൽ കെഎസ്ആർടിസിയ്ക്കു സമീപം മാളിയേക്കൽ ജോണ്സണ് (50), ഒളമറ്റം വെള്ളാംതടത്തിൽ പ്രിയേഷ് എന്നു വിളിക്കുന്ന മാത്യു ജോണ്‍(39) എന്നിവരാണ് റിമാൻഡിൽ കഴിയുന്ന മറ്റു പ്രതികൾ.
അമ്മയും അറസ്റ്റിൽ
ഇതിനിടെ അറസ്റ്റിലായ മാതാവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയയായ മാതാവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് സംരക്ഷണയിൽ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇവരെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റിയത്. ജയിലിൽ ഇവരുടെ ആരോഗ്യ സ്ഥിതി മോശമായെന്ന് ജയിൽ അധികൃതർ ഇവരുടെ വീട്ടിൽ അറിയിച്ചിരുന്നു. ഇവർക്ക് ചികിൽസ നൽകി വരുന്നുണ്ട്.
രണ്ട് മാസം മുന്‍പു വരെ…
2020 അവസാനത്തോടെയാണ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഇടനിലക്കാരനായ രഘു കുട്ടിയുടെ കുടുംബത്തെ സമീപിക്കുന്നത്. പിന്നീട് പെണ്‍കുട്ടിയെ ഇയാൾ വൻ തുക വാങ്ങി പലർക്കും കൈമാറുകയായിരുന്നു.
പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്ന ബേബിയെ തേടി മറ്റ് ജില്ലകളിൽ നിന്നുള്ളവരും ഇവിടെയെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
രണ്ട് മാസം മുന്‍പ് വരെ പീഡനം തുടർന്നു. ഇതിനിടെ പെണ്‍കുട്ടിക്ക് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയായതും പീഡന വിവരങ്ങളും പുറത്തു വന്നത്.