തൊടുപുഴ: ഇടുക്കിയിൽ ആരോപണ വിധേയരാകുന്ന പോലീസുകാരുടെ എണ്ണം പെരുകുന്നു. രണ്ടാഴ്ചക്കിടെ ഏഴു പോലീസുകാരാണ് സസ്പെൻഷൻ ഓർഡർ കൈപ്പറ്റിയത്. കൈക്കൂലി, പ്രതികൾക്ക് വഴി വിട്ട് സഹായം, ആൾമാറാട്ടം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ വരെ ഇടുക്കിയിലെ പോലീസുകാർ കുടുങ്ങിയപ്പോഴാണ് ചുരുങ്ങിയ ദിവസങ്ങളിൽ ജില്ലയിൽ പോലീസ് സേനയിൽ നിന്നും ഇത്രയും പേർ സസ്പെൻഷൻ ഏറ്റുവാങ്ങിയത് .
തൊടുപുഴ പോലീസ് സ്റ്റേഷനിൽ നിന്നും നാലു പേരും കുളമാവ് സ്റ്റേഷനിൽ നിന്നും ഒരാളും നെടുങ്കണ്ടം സ്റ്റേഷനിൽ നിന്നും സിഐ ഉൾപ്പെടെ രണ്ടു പേരുമാണ് സസ്പെൻഷൻ നടപടികൾക്ക് വിധേയരായത്. തൊടുപുഴ സിപിഎം ഓഫീസ് അടിച്ചു തകർത്ത കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവർത്തകർക്ക് ജാമ്യം ലഭിക്കത്തക്ക വിധത്തിൽ റിപ്പോർട്ട് തയാറാക്കിയതിന് തൊടുപുഴ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ഇ. നജീബ് ഇബ്രാഹിമിനെ ഇന്നലെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തതാണ് ഈ ഗണത്തിലെ അവസാനത്തേത്.
വകുപ്പുതല അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മേലുദ്യോഗസ്ഥന്റെ ഉത്തരവ് പാലിക്കാതെ കോടതി മാറ്റി പ്രതികളെ ഹാജരാക്കുകയും ചെയ്തു. ഇതേ കേസിലെ മുഖ്യപ്രതിയായ എസ്ഡിപിഐ പ്രവർത്തകനു തൊണ്ടി മുതൽ സൂക്ഷിക്കുന്ന മുറിയിൽ നിസ്കരിക്കാൻ അവസരമൊരുക്കി നൽകിയതിനാണ് മൂന്നു ദിവസം മുൻപ് സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരൻ മാഹീൻ, അസിസ്റ്റന്റ് റൈറ്റർ ഷിജു, ജി.ഡി ചാർജുകാരനായിരുന്ന നൗഷാദ് എന്നിവരെ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്പി സസ്പെൻഡ് ചെയ്തിരുന്നു. സെല്ലിൽ സൗകര്യമുണ്ടായിട്ടും നിസ്കരിക്കാൻ രഹസ്യമായി പ്രത്യേക സൗകര്യം ഒരുക്കിക്കൊടുത്തെന്നായിരുന്നു ഇവർക്കെതിരെയുള്ള പരാതി.
നെടുങ്കണ്ടത്ത് ആത്മഹത്യ ചെയ്ത വയോധികന്റെ മരണം കൊലപാതകമാക്കുമെന്ന് ഭീഷണിപ്പെടുത്തി മരിച്ചയാളുടെ മകനിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിഐയും എസ്ഐയും ഏതാനും ദിവസം മുൻപ് സസ്പെൻഷൻ വാങ്ങിയത്. സിഐ ബി. അയൂബ്ഖാൻ, എസ്ഐ സാബു മാത്യു എന്നിവരെ ആദ്യം സ്ഥലം മാറ്റുകയായിരുന്നെങ്കിലും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യുകയായിരുന്നു.
തൊടുപുഴയ്ക്കു സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെ പ്രസവമുറിയിൽ പർദ ധരിച്ചു കയറി ആൾമാറാട്ടം നടത്തിയ കേസിൽ കുളമാവ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ നൂർ സമീറിനെയും കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവി സസ്പെൻഡു ചെയ്തിരുന്നു.
കഞ്ചാവു കേസിലെ പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ നേരത്തെ സസ്പെൻഷനിലായ നൂർ സമീർ ജോലിയിൽ പ്രവേശിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് അടുത്ത സസ്പെൻഷൻ ഉണ്ടായത്. നിരന്തരമായി പോലീസുകാർ അച്ചടക്ക നടപടിയ്ക്ക് വിധേയമാകുന്നത് ഇടുക്കിയിലെ പോലീസ് സേനയ്ക്കു തന്നെ നാണക്കേടായിരിക്കുകയാണെന്നാണ് പോലീസുകാർക്കിടയിൽ തന്നെയുള്ള സംസാരം.