കോട്ടയം: അമ്മയുടെ ഒപ്പം താമസിച്ച ആൺസുഹൃത്തിന്റെ മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ ഏഴു വയസുകാരൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞത് പത്തു ദിവസം. മർദനത്തിൽ തലയോട്ടി പൊട്ടി തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണമായത്. ഇക്കഴിഞ്ഞ മർച്ച് 28ന് പുലർച്ചെയാണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
ഏഴുവയസുകാരനെ ക്രൂരമായി മർദിച്ചു മൃതപ്രായനാക്കിയ കേസിൽ കുട്ടിയുടെ മാതാവിനൊപ്പം കഴിഞ്ഞിരുന്ന തിരുവനന്തപുരം നന്തൻകോട് സ്വദേശി കടവത്തൂർ കാസിൽ അരുണ്‍ ആനന്ദ് (36) അറസ്റ്റിലായിരുന്നു. കുട്ടിയുടെ മാതാവിനും മൂന്നരവയസുകാരനായ ഇളയ സഹോദരനും മർദനത്തിൽ പരിക്കേറ്റിരുന്നു. കട്ടിലിൽ നിന്നു തൊഴിച്ചു താഴെയിട്ട് പിന്നീട് വലിച്ചെറിഞ്ഞുവെന്നും മുറിയിൽ വലിച്ചിഴച്ച് മർദിച്ചുവെന്നും പ്രതി പോലീസിനോടു സമ്മതിച്ചിരുന്നു. കട്ടിലിൽ നിന്നു തെറിച്ചു വീണപ്പോൾ അലമാരയിൽ ഇടിച്ചു കുട്ടിയുടെ തലയ്ക്കു പിന്നിൽ മാരക മുറിവേറ്റു. ഇതിന് അന്നു തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.
ഒരുവർഷം മുന്‍പ് കുട്ടികളുടെ പിതാവ് ഹൃദയസ്തംഭനത്തെ തുടർന്നു മരണമടഞ്ഞിരുന്നു. തുടർന്നാണ് ബന്ധുവായ പ്രതി യുവതിയോടൊപ്പം താമസമാക്കിയത്. രാത്രിയിൽ പുറത്തു പോയി ഭക്ഷണം കഴിക്കുന്ന ശീലമുള്ള അരുണ്‍ യുവതിയെയും കൂട്ടി രാത്രി ഒന്നരയോടെ കുട്ടികളെ വീട്ടിൽ തനിച്ചാക്കി തൊടുപുഴ ടൗണിലെ തട്ടുകടയിൽ ആഹാരം കഴിക്കാൻ പോയിരുന്നു. ഇതിനിടെ പോലീസ് പട്രോളിംഗ് സംഘം യുവതി ഓടിക്കുന്ന കാർ കണ്ടിരുന്നു.
ഇവർ പുലർച്ചെ മൂന്നോടെ തിരികെ വീട്ടിലെത്തി. ഇതിനിടെ ഭക്ഷണം കഴിക്കാതെ കുട്ടികൾ തളർന്നുറങ്ങിയിരുന്നു. ഭക്ഷണം നൽകാനായി വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതായി കണ്ടു. കുട്ടിയെ ടോയ്ലറ്റിൽ കൊണ്ടു പോയി മൂത്രമൊഴിപ്പിക്കാത്തതിന്റെ പേരിൽ മൂത്ത കുട്ടിയെ കിടക്കയിൽ നിന്ന് അരുണ്‍ തൊഴിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നീട് തൂക്കിയെടുത്ത് മുറിയുടെ മൂലയിലേക്കെറിഞ്ഞു. തല അലമാരയിലിടിച്ച് പൊട്ടി ചോര വാർന്നതോടെ കുട്ടി ബോധരഹിതനായി. തുടർന്നാണ് കരഞ്ഞ് നിലവിളിച്ച ഇളയകുട്ടിയെയും തടസം പിടിക്കാനെത്തിയ മാതാവിനെയും മർദിച്ചത്.
പിന്നീട് തലയ്ക്കു പരിക്കേറ്റ കുട്ടിയെ വാഹനത്തിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇതിനു മുൻപു കുട്ടിയുടെ തലയിൽ നിന്നു തെറിച്ചു വീണ ചോര തുടച്ചു നീക്കി. കുട്ടി കട്ടിലിൽ നിന്നു വീണു പരിക്കേറ്റെന്നാണ് പറഞ്ഞതെങ്കിലും ഇവരുടെ സംസാരത്തിലെ വൈരുധ്യവും പരിക്കിന്റെ സ്വഭാവവും കണ്ട ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് നില വഷളായ കുട്ടിയെ ആംബുലൻസിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.
കുട്ടിയുടെ തലയ്ക്കു പിന്നിൽ നീളത്തിൽ പൊട്ടലുണ്ടായിരുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു.ശ്വാസകോശത്തിനും വൻകുടലിനും കണ്ണുകൾക്കും തകരാർ സംഭവിച്ചു. ശരീരത്തിലാകെ മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. ഇതിനിടെ ഇളയ കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പോലീസിനും അരുണിനെതിരേ മൊഴി നൽകിയിരുന്നു.
കുട്ടിയുടെ മാതാവ് ആദ്യം പ്രതിക്കെതിരേ മൊഴി നൽകാൻ വിസമ്മതിച്ചെങ്കിലും ഇയാൾ പോലീസ് കസ്റ്റഡിയിലാണെന്നറിഞ്ഞതോടെ മർദന വിവരം പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. അടച്ചിട്ട മുറിക്കുള്ളിൽ നിന്നു വാവിട്ടുള്ള നിലവിളി പുറം ലോകത്തെത്താതിരിക്കാനും പ്രതി ശ്രദ്ധിച്ചു. മർദനമേൽക്കാതിരിക്കാൻ കുട്ടി കൈയുയർത്തിയപ്പോൾ ആ പിഞ്ചു കൈകൾ കൂട്ടിപ്പിടിച്ചാണ് മർദനം തുടർന്നത്. അതി ക്രൂരമായ മർദനമാണ് കുമാരമംഗലത്തെ വീട്ടിൽ നടന്നതെന്ന് ഫോറൻസിക് പരിശോധനയിലും വ്യക്തമായിരുന്നു.