തൊടുപുഴ: തൊടുപുഴിയിലെയും പരിസരപ്രദേശങ്ങളിലെയും വീടുകളിൽ കറുത്ത സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെടുന്നത് വർധിക്കുന്നു. ഇതുവരെ നാല് പരാതികളാണ് തൊടുപുഴ കാഞ്ഞാർ പോലീസ് സ്റ്റേഷനുകളിൽ രജിസ്ട്രർ ചെയ്തിരിക്കുന്നത്.
ഇന്നു രാവിലെ കുമാരമംഗലം പെരുന്പിള്ളിച്ചിറ ഭാഗത്തും വീടുകളുടെ ജനാലകളിൽ കറുത്ത സ്റ്റിക്കറുകൾ പതിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പെരുന്പിള്ളിച്ചിറ മണ്ണാരക്കുന്നത്ത് പി. നാരായണന്റെ വീട്ടിലാണ് ജനൽപാളികളിൽ കറുത്ത സ്റ്റിക്കർ പതിച്ചതായി കണ്ടത്.
വീട്ടുകാർ പോലീസിലറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ പ്രത്യേക സംഘം എത്തുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സ്റ്റിക്കർ പതിച്ചതുമായി ലഭിച്ചിട്ടുള്ള പരാതികൾ എങ്ങനെ അന്വേഷിക്കുമെന്നറിയാതെ വട്ടം കറങ്ങുകയാണ് പോലീസ്.
ഗ്ലാസുകൾ തമ്മിൽ കൂട്ടിമുട്ടി പൊട്ടാതിരിക്കാൻ ഉപയോഗിക്കുന്ന റബർ സ്റ്റിക്കറുകളാണ് ഇവയെന്നും ജനലുകൾ പിടിപ്പിക്കുന്പോൾ പണിക്കാർ ഇവ പറിച്ചുകളയാൻ വിട്ടുപോകുന്നതാണെന്നുമാണ് പോലീസിന്റെ വാദം. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മേഖല ഐ.ജിമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഇതിനിടയിലും ദിവസവും സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെടുന്നത് ജനങ്ങളിൽ ഭയമുള്ളവായിട്ടുണ്ട്.
മഠത്തിക്കണ്ടം ഭാഗത്ത് താമസിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കഴിഞ്ഞ ദിവസം സ്റ്റിക്കർ കണ്ടെത്തി. കുന്പംകല്ലിലും തെക്കുംഭാഗത്തുമുള്ള വീടുകളിലും സ്റ്റിക്കർ പതിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ തൊടുപുഴ പോലീസ് സ്റ്റേറ്റഷനിലുണ്ട്.
കുടയത്തൂർ പഞ്ചായത്തിലെ താമസക്കാരനായ കോളപ്ര അടൂർമല ഭാഗത്തുള്ള വീട്ടിൽക്കൽ വിജയന്റെ വീട്ടിൽ സ്റ്റിക്കർ പതിച്ചതുമായി ബന്ധപ്പെട്ട് കാഞ്ഞാർ പോലീസ് സ്റ്റേഷനിലും പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വ്യാപകമാവുന്ന പരാതികൾഅന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം എറണാകുളം റേഞ്ച് ഐ.ജി കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിൽ എത്തുമെന്ന് അറിയിപ്പുണ്ടായിരുന്നു. മുട്ടം ഉൗരക്കുന്ന് പള്ളിക്ക് സമീപം താമസിക്കുന്ന മണ്ണാര മറ്റത്തിൽ സോമന്റെ വീട്ടിലും കഴിഞ്ഞ ദിവസം രാത്രിയിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ചതായി കണ്ടെത്തിയിരുന്നു.
വീടിന്റെ പുറക്വശത്തുള്ള ജനലിന്റെ ഗ്ലാസിലാണ് സ്റ്റിക്കർ കണ്ടത്. സോമന്റെ വീട്ടിൽ പ്രായമായവരും സോമന്റെ മകളും മകളുടെ അഞ്ച് വയസുള്ള കുട്ടിയുമാണ് താമസിക്കുന്നത്. മകളുടെ ഭർത്താവ് വനം വകുപ്പിന്റെ നേര്യമംഗലത്തുള്ള ഓഫിസിലായിരുന്ന സമയത്താണ് സ്റ്റിക്കർ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് മുട്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ, നാടോടികൾ, സാധനം വിൽക്കാനെത്തുന്ന അന്യസംസ്ഥാനക്കാർ എന്നിവരെ പ്രോത്സാഹിപ്പിക്കരുതെന്ന് പോലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.