എം. ജെ. ശ്രീജിത്ത്
തിരുവനന്തപുരം: കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും പലയിടത്തും ജനം കൂട്ടം കൂട്ടമായി പുറത്തിറങ്ങുന്നു.
ഇതോടെ കടുത്ത നടപടിയുമായി ജില്ലാ ഭരണകൂടങ്ങൾ. ജനം സർക്കാർ നിർദ്ദേശം ലംഘിച്ചതോടെ സംസ്ഥാനത്തെ ആറു ജില്ലകളിൽ നിരോധാനാജ്ഞ പ്രഖ്യാപിച്ചു.
കാസർഗോഡ്,കോഴിക്കോട്,വയനാട്,മലപ്പുറം,എറണാകുളം,പത്തനംതിട്ട ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അനാവിശ്യമായി പുറത്തിറങ്ങരുതെന്ന സർക്കാർ നിർദ്ദേശം ലംഘിച്ച് നിരവധി പേരാണ് പലയിടത്തും പുറത്തിറങ്ങുന്നത്.
അഞ്ചിലധികം പേർ കുട്ടംകുടരുതെന്ന നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചെങ്കിലും കാസർഗോഡ് അടക്കം കോവിഡ് 19 രൂക്ഷമായ അവസ്ഥയിൽ നിൽക്കുന്ന ജില്ലകളിലടക്കം ജനങ്ങൾ പുറത്തിറങ്ങിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടവും പോലീസും ശക്തമായ നടപടികളുമായി മുന്നോട്ടു വന്നത്.
വ്യക്തമായ കാരണമില്ലാതെ പുറത്തിറങ്ങിയ മുഴുവൻ പേരേയും മടക്കി അയച്ചുകൊണ്ടിരിക്കുകയാണ്. അവശ്യ സർവീസുകൾ ഒഴികെ പല സൗകര്യങ്ങളും ഒഴിവാക്കിയിട്ടും ജനം ഇതിനോട് സഹകരിക്കാത്തത് അധികൃതരെ വലയ്ക്കുന്നുണ്ട്.
സ്വകാര്യ വാഹനങ്ങൾ അനുവദിച്ചതോടെ നിരത്തുകളിൽ സാമാന്യം വാഹനങ്ങൾ ഉണ്ട്. ഇതോടെ സംസ്ഥാനം മുഴുവൻ കടുത്ത പരിശോധന ആരംഭിച്ചിട്ടുണ്ട്.
ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും ജനം പുറത്തിറങ്ങി തുടങ്ങിയതോടെ ലോക്ഡൗണിന്ററെ ഉദ്ദേശ ശുദ്ധിപോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയായി.
കൃത്യമായ കാര്യങ്ങളില്ലാതെ പുറത്തിറങ്ങിയവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മടക്കി അയക്കാനുള്ള കർശന നിർദ്ദേശം െ സർക്കാർ ജില്ലാ കളക്ടർക്കും പോലീസ് മേധാവിമാർക്കും വീണ്ടും കൈമാറി. ഇതോടെ നിരത്തുകളിൽ കൂടുതൽ പോലീസുകാരെ നിയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നിർദ്ദേശം ലംഘിക്കുന്നവരെ അറസ്റ്റു ചെയ്യാനുള്ള നിർദ്ദേശവും കൈമാറിയിട്ടുണ്ട്.
അനാവശ്യമായി പുറത്തിറങ്ങിയ എട്ടു പേർക്കെതിരെ കണ്ണൂരിൽ കേസെടുത്തിട്ടുണ്ട്. ഇതു തുടരാനാണ് പോലീസിന്റെ തീരുമാനം. ജനരക്ഷയ്ക്കു വേണ്ടി നൽകുന്ന നിർദ്ദേശത്തെ ലംഘിച്ച് പുറത്തിറങ്ങിയവർ നൽകിയ മറുപടികൾ വിചിത്രമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
ഈ സ്ഥിതി തുടർന്നാൽ സംസ്ഥാനം മുഴുവൻ നിരോധനാജ്ഞ പുറപ്പെടുവിക്കേണ്ടി വരുമെന്ന സ്ഥിതികളിലേയ്ക്കാണ് കാര്യങ്ങൾ നിങ്ങുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
അവശ്യ സർവീസിൽ ഉൾപ്പെടുത്തിയ കടകൾ തുറക്കുന്ന സമയം രാവിലെ 7 മുതൽ വൈകുന്നേരം 5വരെയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ചീഫ് സെക്രട്ടറി രാവിലെ 11 മുതൽ 5വരെയെന്ന് രേഖപ്പെടുത്തി ഉത്തരവിറക്കിയതോടെ ആശയക്കുഴപ്പം സൃഷ്ടിച്ചു.
ഇക്കാര്യത്തിൽ ഇന്നു തന്നെ ആശയക്കുഴപ്പം തിരുത്തി സമയക്രമം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.