തൊടുപുഴ: തൊടുപുഴ ,മുട്ടം, മൂലമറ്റം മേഘലകളിൽ വ്യാപക ഉരുൾപൊട്ടൽ, കനത്ത നാശനഷ്ടം. തൊടുപുഴ ടൗണ് വെള്ളത്തിൽ മുങ്ങി. ടൗണിലെ എല്ലാ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. മുട്ടത്ത് ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ തകർന്നു ; ഒരാളെ കാണാനില്ല; 3 പേരെ രക്ഷപെടുത്തി.
മൂലമറ്റം ആശ്രമം, മൂന്നു ങ്കവയൽ, എടാട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. നിരവധി പേരെ ദുരിതാശ്വാസ ക്യാന്പുകളിലേയ്ക്ക് മാറ്റി പാർപ്പിച്ചു. വാഹന ഗതാഗതം മുടങ്ങി.മുട്ടം കഴുമറ്റത്തിൽ അനിലിന്റെ വീടും നിർമ്മാണത്തിലിരുന്ന മറ്റൊരു വീടുമാണ് തകർന്നത്.
അനിലിന്റെ മാതാവ് സരോയെയും രണ്ട് മക്കളെയും തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴുമറ്റത്തിൽ അനിലിനായി തിരച്ചിൽ നടത്തികൊണ്ടിരിക്കുകയാണ്. അനിൽ വീട്ടിൽ എത്തിയിരുന്നില്ല എന്ന് മക്കളും എന്നാൽ വീട്ടിലേക്ക് പോകുന്നതായി കണ്ടെന്ന് നാട്ടുകാരും പറയുന്നു.
വീട്ടിലേക്ക് എത്തുന്നതിന് തൊട്ടുമുന്നേ അപകടം നടന്നിരിക്കാം എന്ന തോന്നലിൽ നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നു. രാവിലെയും തിരച്ചിൽ തുടർന്നിരിക്കുകയാണ്. സംഭവസ്ഥലത്തേക്ക് കൂടുതൽ നാട്ടുകാർ എത്തുന്നത് കൂടുതൽ അപകട ഭീഷണി ഉയർത്തുന്നു.
മൂന്നു ങ്കവയൽ കാരയ്ക്കാട്ട് പറന്പിലൂടെയാണ് ഉരുൾപൊട്ടിയത്. കാഞ്ഞിരത്തിങ്കുന്നേൽ ബന്നി, ജോസ്, കുട്ടിച്ചൻ, കാരയ്ക്കാട്ട് ജോണി, ജോമി , വില്ലപ്ലാക്കൽ ജോയി, കുരിയാല പുഴ ജോസ്, കോണുർ ദേവസ്യാച്ചൻ എന്നിവരുടെ 4 ഏക്കർ കൃഷി നശിച്ചു. കാഞ്ഞാർ മോർക്കാട് സ്കൂളിന്റെ സംരക്ഷണ ഭിത്തി തകർന്നു.
കനത്ത മഴയിൽ മലങ്കര ജലാശയത്തിൽ വെള്ളമുയർന്നതിനെ തുടർന്ന് കുടയത്തൂർ ഗ്രാമപഞ്ചായത് മൂന്നാം വാർഡ് കാഞ്ഞാർ ലക്ഷം വീട് കോളനിയിൽ വെള്ളം കയറി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ദുരിതാശ്വാസ ക്യാംപ് ആരംഭിക്കുകയും 5 കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു.കനത്ത മഴയിൽ മുട്ടം സിബിഗിരി പള്ളിയുടെ സംരക്ഷണഭിത്തി ഇടിഞ്ഞുതാന്നു. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.