തൊടുപുഴ: ഈസ്റ്റേണ് കന്പനി പുറത്തിറക്കുന്ന കിടക്കയായ സുനിദ്രയുടെ നിർമാണ യൂണിറ്റിൽ വൻ അഗ്നിബാധ. അഗ്നിശമന സേനയുടെ അഞ്ചു സ്റ്റേഷനുകളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം ഭഗീരഥപ്രയത്നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നിബാധയിൽ നിർമാണ യൂണിറ്റ് അപ്പാടെ നിലം പൊത്തി കത്തി നശിച്ചതിനാൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.
തീ നിയന്ത്രണ വിധേയമായെങ്കിലും മറ്റു സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ ഫയർഫോഴ്സ് സ്ഥലത്ത് ക്യാന്പു ചെയ്യുകയാണ്. ഇന്നു പുലർച്ചെ മൂന്നോടെയാണ് തൊടുപുഴയ്ക്കു സമീപം മണക്കാട്ട് -പുതുപ്പരിയാരം റൂട്ടിൽ അങ്കംവെട്ടിക്കവലയിൽ പ്രവർത്തിക്കുന്ന സുനിദ്ര കിടക്ക നിർമാണ യൂണിറ്റിൽ തീ പിടുത്തമുണ്ടായത്. പരിസരവാസികൾ ഉടൻ തന്നെ തൊടുപുഴ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
അസി. സ്റ്റേഷൻ ഓഫീസർ പി.വി.രാജന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും ഇതിനോടകം തീ നിയന്ത്രണാധീതമായിരുന്നു. പിന്നീട് മൂവാറ്റുപുഴ, മൂലമറ്റം, കലൂർക്കാട്, കോതമംഗലം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള 44 ജീവനക്കാർ പരിശ്രമിച്ചാണ് ഇന്നു രാവിലെ എട്ടരയോടെ അഗ്നിബാധ നിയന്ത്രിച്ചത്.
എങ്ങനെയാണ് കന്പനിയിൽ തീ പിടുത്തമുണ്ടായതെന്ന് വ്യക്തമായിട്ടില്ലെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. തീ പിടിച്ചതോടെ ഉയരത്തിൽ ഇരുന്പുതൂണുകൾ ഉപയോഗിച്ച് നിർമിച്ച കെട്ടിടം അപ്പാടെ നിലം പൊത്തി. രാത്രിയായതിനാൽ ജിവനക്കാരില്ലാതിരുന്നതും സമീപത്തേക്കു പടർന്നു പിടിക്കാതിരുന്നതും വലിയ ദുരന്തമൊഴിവാക്കി.
സംഭവത്തിൽ പോലീസും വിശദമായ അന്വേഷണമാരംഭിച്ചു. കൂടാതെ ഫയർഫോഴ്സ്, കഐസ്ഇബി, ഇൻഷുറൻസ് എന്നിവരും അന്വേഷണം നടത്തും.