തൊടുപുഴ: എല്ലാവരോടും നന്ദി പറഞ്ഞ് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന കോണ്ഗ്രസ് നേതാവ് എ.പി.ഉസ്മാനും കുമാരമംഗലം സ്വദേശിയായ യുവാവും ആശുപത്രി വിട്ടു. കോവിഡ്19 രോഗബാധയെ തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു എ.പി ഉസ്മാനും, കുമാരമംഗലം സ്വദേശിയായ യുവാവും .
ഇരുവരുടെയും നാലാമത്തെ സ്രവ പരിശോധന ഫലവും നെഗറ്റീവായതിനെ തുടർന്നാണ് ഇവർക്ക് വീട്ടിലേക്ക് മടങ്ങാനായത്. ഏപ്രിൽ ഒന്നിനാണ് ഇവരുടെ സ്രവം ശേഖരിച്ച് ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. ഇന്നലെ രോഗം ഭേദമായെന്ന് അവസാന പരിശോധന ഫലം വന്നു. മെഡിക്കൽ ബോർഡിന്റെ നിർദേശ പ്രകാരം ഇവർ ഇനി 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ഇരുവരുടെയും രണ്ട്, മൂന്ന് സ്രവ പരിശോധനകളും നെഗറ്റീവായിരുന്നു.
മാർച്ച് 26നാണ് എ.പി.ഉസ്മാന് രോഗം സ്ഥീരീകരിച്ചത്. നിയമസഭയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും യാത്ര ചെയ്ത ഇദ്ദേഹത്തിന്റെ സന്പർക്ക പട്ടികയിൽ മന്ത്രിമാരും എംഎൽഎൽമാരും ഉൾപ്പെട്ടിരുന്നു. ഇവരും വീടുകളിൽ നിരീക്ഷണത്തിലാണ്.
ഇദ്ദേഹത്തിൽ നിന്ന് ചെറുതോണിയിലെ തയ്യൽക്കാരനും കുടുംബാംഗങ്ങൾക്കും വൈറസ് പകർന്നിരുന്നു. ഇദ്ദേഹത്തോടൊപ്പം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത ബൈസണ്വാലി സ്വദേശിനിയായ അധ്യാപികയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ദുബായിൽ നിന്നെത്തിയ കുമാരമംഗലം സ്വദേശിക്ക് 25നാണ് രോഗബാധ സ്ഥീരീകരിച്ചത്. മാർച്ച് 19ന് രാവിലെ നാട്ടിലെത്തിയ ഇയാൾ കുടുംബാംഗങ്ങളുമായി സന്പർക്കമില്ലാതെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
നേരത്തെ മൂന്നാറിലെത്തിയ രോഗബാധിതനായ ബ്രിട്ടീഷ് പൗരനും രോഗം ഭേദമായി മടങ്ങിയിരുന്നു. ആരോടും പിണക്കമോ പരിഭവമോ ഇല്ലെന്നും ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും രോഗം ഭേദമായി തൊടുപുഴ ജില്ലാ ആശുപത്രി വിടുന്പോൾ ഉസ്മാൻ പറഞ്ഞു. രോഗം പരത്തിയെന്ന ആരോപണം കാര്യമായി എടുക്കുന്നില്ല.
ആരോടും പ്രതികാര ഭാവത്തോടെ പെരുമാറാനും ഉദ്ദേശ്യമില്ല. പാവപ്പെട്ടവന്റെ പ്രശ്നങ്ങൾക്കായി ഇനിയും മരണം വരെ യാത്രകൾ നടത്തും.
ഇതെല്ലാം അനുഭവങ്ങളായി കാണാനാണ് ഇഷ്ടമെന്നും ഉസ്മാൻ പറഞ്ഞു. പരിചരിച്ച ഡോക്ടർമാർക്കുംനഴ്സുമാർക്കും മറ്റുള്ളവർക്കും നന്ദിപറഞ്ഞ് വികാരനിർഭരനായാണ് ഉസ്മാൻ ആശുപത്രിയിൽനിന്നു വീട്ടിലേക്കു പോയത്.