അഹമ്മദാബാദ്: താൻ സഹായിച്ചവരാണ് ഇപ്പോൾ കൊല്ലാൻ ശ്രമിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ. ഉത്തർപ്രദേശിലെ ബിജെപി എംഎൽഎമാരിൽ 100ലധികം പേർ കോൺഗ്രസിൽ നിന്ന് വന്നവരാണ്. മന്ത്രിമാരിലും അങ്ങനെ തന്നെ. കോൺഗ്രസ് നേതാവ് അർജുൻ മോദ്വാഡിയ തന്നെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ എന്നോട് ചോദിച്ചതും കോൺഗ്രസില് നിന്ന്് എത്തിയവർ എവിടെപ്പോയി എന്നാണ്.
– തൊഗാഡിയ പറഞ്ഞു. ഡൽഹിയിലെ രാഷ്ട്രീയ ബോസിന്റെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ജോയന്റ് കമ്മിഷണർ ജെ.കെ. ഭട്ട് തനിക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്ന തൊഗാഡിയായുടെ ആരോപണവും ലക്ഷ്യം വയ്ക്കുന്നത് ബിജെപി നേതാക്കളെയാണ്. താൻ സഹായിച്ചവരാണ് ഇപ്പോൾ തന്നെ കൊല്ലാൻ ശ്രമിക്കുന്നതെന്നാണ് തൊഗാഡിയായുടെ വാദം.
വില്ലനായത് പുസ്തകം?
തൊഗാഡിയയുടെ പൂർത്തിയാക്കാറായ പുസ്തകത്തിലെ വെളിപ്പെടുത്തലുകളാണ് പെട്ടെന്നുള്ള അറസ്റ്റിനു പിന്നിലെന്നാണ് അദേഹത്തിന്റെ സഹായികൾ വിശ്വസിക്കുന്നത്. Saffron Reflections: Faces & Masks എന്ന പുസ്തകത്തിൽ മോദിക്കെതിരേയുള്ള വിമർശനമാണെന്നാണ് സൂചന. മോദി ഹിന്ദുക്കളുടെ വോട്ട് നേടിയാണ് പ്രധാനമന്ത്രിയായത്. അതിനുശേഷം അവർക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നാണ് തൊഗാഡിയായുടെ അണികളുടെ ആരോപണം.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് പരാമർശിച്ചാണ് തൊഗാഡിയായ വാർത്ത സമ്മേളനം നടത്തിയത്. “പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭട്ടിന്റെയും ഫോണ് കോളുകൾ പരിശോധിച്ചാൽ സത്യം അറിയാം. കഴിഞ്ഞ 15 ദിവസത്തിനിടെ എത്ര തവണ മോദിയും ഭട്ടും സംസാരിച്ചിട്ടുണ്ടെന്ന് പരിശോധിക്കണം.’- തൊഗാഡിയ പറഞ്ഞു.
സഞ്ജയ് ജോഷിയുടെ വ്യാജ ലൈംഗിക സിഡികൾ 2015ൽ ആരുടെ നിർദേശപ്രകാരമാണ് തയ്യാറാക്കിയതെന്ന് ഞാൻ ഉചിതമായ സമയത്ത് വെളിപ്പെടുത്തും. രാജസ്ഥാനിൽ ഉപതിരഞ്ഞെടുപ്പുകളിൽ ഈ പ്രശ്നങ്ങൾ എങ്ങനെ ബാധിക്കുമെന്ന് എനിക്ക് ഇപ്പോൾ പറയാനാവില്ലെന്നും തൊഗാഡിയ പറഞ്ഞു.
ഏറ്റുമുട്ടലിൽ വധിക്കാൻ പദ്ധതിയിട്ടെന്നുള്ള തൊഗാഡിയയുടെ പരാമർശം ദേശീയ ശ്രദ്ധനേടിയിരിക്കുകയാണ്. ബിജെപി നേതാക്കളുമായി ബന്ധപ്പെട്ട് വ്യാജ ഏറ്റുമുട്ടൽ വിവാദങ്ങൾ തുടരുന്പോഴാണ് തൊഗാഡിയായുടെ വെളിപ്പെടുത്തൽ എന്നതാണ് ശ്രദ്ധേയം.
ദുരൂഹസാഹചര്യത്തിൽ ചൊവ്വാഴ്ച കാണാതായ തൊഗാഡിയയെ രാത്രി ഒരു പാർക്കിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറ്റുമുട്ടലിൽ താങ്കളെ വധിക്കാൻ പദ്ധതിയുണ്ടെന്ന് ചിലർ എന്നോടു പറഞ്ഞു.പൂജ ചെയ്യുന്നതിനിടെയാണ് രാജസ്ഥാനിലെയും ഗുജറാത്തിലെയും പോലീസുകാർ ഉൾപ്പെടുന്ന ഒരു സംഘം അറസ്റ്റ് ചെയ്യാനെത്തിയതെന്ന് തൊഗാഡിയ ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കഠാരിയ എന്നിവരെ ഫോണിൽവിളിച്ചു. എന്നാൽ അറസ്റ്റ് ചെയ്യാനായി രാജസ്ഥാൻ പോലീസ് ഗുജറാത്തിലെത്തിയെന്നത് ഇരുവരും നിഷേധിക്കുകയായിരുന്നു. ഇത് കൂടുതൽ സംശയങ്ങളുളവാക്കിയെന്നും ഇതേത്തുടർന്ന് മൊബൈൽഫോൺ ഓഫ് ചെയ്യുകയായിരുന്നുവെന്നും തൊഗാഡിയ പറഞ്ഞു.