പാവം തോക്കുസ്വാമിയുടെ കാര്യമോര്‍ത്ത് ചിലര്‍ ചിരിച്ചു മടുക്കുമ്പോള്‍ മറ്റു പലര്‍ക്കും ഞെട്ടലാണ്. തോക്കുസ്വാമിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ‘കലാപകാരിയായ’ ഹിമവല്‍ഭദ്രാനന്ദ ജയിലിലായപ്പോള്‍ ഞെട്ടിയത്. അറസ്റ്റിലാകുന്നതിന്റെ തലേദിവസം സ്വാമി തങ്ങളെ കണ്ടിരുന്നതായി അദേഹത്തിന്റെ സുഹൃത്തുക്കളിലൊരാള്‍ രാഷ്ട്രദീപികയോട് വെളിപ്പെടുത്തി. പോലീസ് അന്വേഷണം ഭയന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് സുഹൃത്ത് സംസാരിക്കാന്‍ കൂട്ടാക്കിയത്. തലേദിവസം വൈകുന്നേരമാണ് തങ്ങള്‍ ഹിമവലുമായി കാണുന്നത്.
പോലീസ് സേനയില്‍ തീവ്രവാദികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ചിലരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്കാന്‍ താന്‍ തലസ്ഥാനത്തേക്ക് പോകുകയാണെന്ന് തോക്കുസ്വാമി പറഞ്ഞത്രേ. വെറുതേ കയറി ചെന്നാല്‍ ഡിജിപിയെ കാണാന്‍ പറ്റുമോയെന്ന് ചോദിച്ചപ്പോള്‍ ഡിജിപിയെ വിളിച്ച് കൂടിക്കാഴ്ച്ചയ്ക്ക് സമയം വാങ്ങിയിട്ടുണ്ടെന്നായിരുന്നു മറുപടി. കോള്‍ലിസ്റ്റ് ഉയര്‍ത്തി കാണിക്കുകയും ചെയ്തു. പിന്നീട് ഞങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടിട്ടില്ല. പിറ്റേന്നാണ് ഹിമവലിനെ പോലീസ് അറസ്റ്റ് ചെയ്ത വിവരം അറിയുന്നതെന്നും സുഹൃത്ത് പറയുന്നു.
ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരേ ഡിജിപി ഓഫീസിനു മുന്നില്‍ നടന്ന പോലീസ് അതിക്രമത്തിനു കാരണം തോക്ക് സ്വാമിയെന്ന ഹിമവല്‍ ഭദ്രാനന്ദയാണെന്ന പോലീസ് കഥ ഇതോടെ പൊളിയുകയാണ്. സംഭവദിവസം രാവിലെ ഡിജിപി ഓഫീസിലെത്തിയ തോക്കുസ്വാമി കടയില്‍ ചായ കുടിച്ചു നില്‍ക്കുമ്പോള്‍ തിരുവനന്തപുരത്തെ സുഹൃത്തുക്കളായ മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു. ഇതിനിടെയാണ് മ്യൂസിയം എസ്‌ഐ ഹിമവല്‍ഭദ്രാനന്ദയെ കാണുന്നതും പിടിച്ച് വണ്ടിയിലിടുന്നതും. പിന്നീട് പോലീസും തോക്ക് സ്വാമിയാണ് പ്രശ്‌നക്കാരനെന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ നിങ്ങുകയായിരുന്നു.
എസ്‌യുസിഐ പ്രവര്‍ത്തകരേയും കെ. എം. ഷാജഹാനേയും ഒപ്പം പിടിച്ച് തോക്ക് സ്വാമിയുടേ പേരുപയോഗിച്ച് പോലീസ് പുതിയ കഥ മെനയുകായിരുന്നുവെന്ന് ഇതോടെ തെളിയുകയാണ്. ഹിമവല്‍ഭദ്രാനന്ദ നിരപരാധിയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തോക്ക് സ്വാമിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഡിജിപിയെ വിളിച്ച രേഖകള്‍ ലഭിക്കുമെന്ന് ബന്ധുക്കള്‍ ചൂണ്ടികാട്ടുന്നു. ഇതോടെ സര്‍ക്കാര്‍ പറഞ്ഞ നുഴഞ്ഞുകയറ്റകഥ പൊളിയുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.