ആലപ്പുഴ: കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തള്ളി. ലേക് പാലസ് റിസോർട്ടിൽ നിന്ന് പിഴയും നികുതിയും ഈടാക്കുന്നത് തടഞ്ഞു. റിസോർട്ടിന് സർക്കാർ നിർദേശിച്ച 34 ലക്ഷം രൂപ നികുതി ഈടാക്കാൻ തദ്ദേശ സെക്രട്ടറി ഉത്തരവിറക്കി. തീരുമാനം നടപ്പാക്കാൻ ആലപ്പുഴ നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി.
റിസോർട്ടിലെ 22 കെട്ടിടങ്ങളിൽ കൂട്ടിച്ചേർക്കൽ നടത്തിയതായും പത്തു കെട്ടിടങ്ങൾ പുതിയതായി നിർമിച്ചതായുമാണു ആലപ്പുഴ നഗരസഭ കണ്ടെത്തിയത്. 22 കെട്ടിടങ്ങളുടെ വിസ്തീർണം 5020.11 ചതുരശ്ര മീറ്ററിൽനിന്ന് 6287 ചതുരശ്ര മീറ്ററായി വർധിപ്പിച്ചതായാണ് തെളിഞ്ഞത്. അനധികൃത നിർമാണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആലപ്പുഴ നഗരസഭ റിസോർട്ടിന് 2.73 കോടി രൂപയാണ് നികുതിയിട്ടത്.
പിന്നീട് റീജണൽ ജോയിന്റ് ഡയറക്ടർ റിസോർട്ടിലെത്തി പരിശോധനകൾ നൽകിയത്. പിഴ തുക വളരെ കൂടുതലായി കണ്ടെത്തുകയും ഇത് 1.17 കോടി രൂപയായി കുറക്കുകയായിരുന്നു. തോമസ് ചാണ്ടി, മാത്യു ജോസഫ്, എൻ.എക്സ്. മാത്യു എന്നിവരുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പിഴത്തുക അടയ്ക്കണമെന്നും നഗസഭാ കൗൺസിൽ വ്യക്തമാക്കി.
എംഎൽഎയുടെ കമ്പനിയുടെ അപ്പീലിൽ സര്‍ക്കാര്‍ പിഴത്തുക 34 ലക്ഷം ആയി വെട്ടിക്കുറച്ചു. എന്നാൽ സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ലെന്നും നഗരസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും നഗരസഭ കൗണ്‍സില്‍ നിലപാടെടുത്തു. ഇതോടെ വിഷയത്തിൽ തോമസ് ചാണ്ടിക്ക് അനുകൂലമായി വീണ്ടും സർക്കാർ ഉത്തരവ് ഇറക്കുകയായിരുന്നു.
നഗരസഭാ തീരുമാനം അസാധുവാക്കിയ തദ്ദേശ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ട്. സർക്കാർ നിർദേശിച്ച പിഴയിടാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് തദ്ദേശ വകുപ്പ് പുതിയ ഉത്തരവില്‍ പറയുന്നു.