തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രി അവധിയിൽ പ്രവേശിക്കുന്നത്. ഈ മാസം അവസാനം മുതൽ അവധിയെടുക്കാനാണ് നീക്കം.
അവധിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടി സംസാരിച്ചതായാണ് സൂചന. വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
തോമസ് ചാണ്ടിക്കെതിരായ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ വ്യാഴാഴ്ച റവന്യു മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് തോമസ് ചാണ്ടി അവധിയിൽ പോകുന്നത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ട് കായൽ സ്ഥലം മണ്ണിട്ടു നികത്തിയാണ് നിർമിച്ചതെന്ന് കളക്ടറുടെ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
കൈയ്ക്കു സ്വാധീന കുറവുണ്ടെന്നും ഇതിന്‍റെ ചികിത്സയ്ക്കായി അടുത്ത മാസം ആദ്യം വിദേശത്ത് പോകുന്നതിനാണ് മന്ത്രി അവധിയിൽ പ്രവേശിക്കുന്നതെന്നാണ് അദ്ദേഹത്തിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം.