തിരുവനന്തപുരം: ഭൂമി കൈയേറ്റ വിവാദത്തില്‍പ്പെട്ട മന്ത്രി തോമസ് ചാണ്ടിയുടെ രാഷ്ട്രീയ ഭാവി ഇന്നു ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ നിര്‍ണായകമാകും. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് ഉറ്റുനോക്കുകയാണ് സിപിഐ അടക്കമുള്ള എല്‍ഡിഎഫിലെ മറ്റു ഘടക കക്ഷികള്‍.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് അനുസരിച്ചാകും മുഖ്യമന്ത്രിയും എല്‍ഡിഎഫും തീരുമാനം കൈക്കൊള്ളുക. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ മനസു തുറന്നിട്ടില്ല. ഇനിയും കായല്‍ കൈയേറ്റം നടത്തുമെന്നു മന്ത്രി തോമസ് ചാണ്ടി ജനജാഗ്രതാ യാത്രാ യോഗത്തിനിടെ വെല്ലുവിളി നടത്തിയതില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിനു കടുത്ത അതൃപ്തിയുണ്ടായിരുന്നു.
ഇവര്‍ വിഷയം പാര്‍ട്ടി വേദിയില്‍ ഉന്നയിച്ചേക്കും. ഇത്തരം ആരോപണങ്ങളില്‍ പാര്‍ട്ടിയും മുന്നണിയും മുന്‍പു സ്വീകരിച്ചിട്ടുള്ള നിലപാടുകളും നിര്‍ണായകമാണ്. ഇതില്‍നിന്നു സിപിഎം സംസ്ഥാന നേതൃത്വം വ്യതിചലിക്കുമോ എന്ന ആശങ്കയും മുന്നണിയിലെ ഘടകകക്ഷികള്‍ പങ്കുവയ്ക്കുന്നു.
ദേശീയതലത്തില്‍ ഏതു നിമിഷവും ബിജെപി അനുകൂല സമീപനം കൈക്കൊള്ളാന്‍ സാധ്യതയുള്ള എന്‍സിപിയുടെ മന്ത്രിയെ എന്തിനാണു നാണക്കേട് സഹിച്ചു സംരക്ഷിക്കുന്നതെന്ന ചിന്തയും സിപിഎമ്മിലെ ഒരു വിഭാഗത്തിനുണ്ട്. തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം വിളിച്ചുചേര്‍ക്കാനുള്ള തീരുമാനവും സിപിഎം യോഗത്തിലുണ്ടാകുമെന്നാണു സിപിഐ നേതൃത്വം പ്രതീക്ഷിക്കുന്നത്.