തിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയെ സിപിഎമ്മും കൈയൊഴിയുകയാണ്. കേസിൽ ആലപ്പുഴ കളക്ടറുടെ റിപ്പോർട്ടിൽ തേടിയിരുന്ന നിയമോപദേശം എതിരായാൽ തോമസ് ചാണ്ടിയെ സിപിഎം കൈയൊഴിയുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. വിഷയം ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തേക്കും. ഇതോടെ യോഗം നിർണായകമായിരിക്കുകയാണ്.
നിയമോപദേശം എതിരായാൽ മന്ത്രിയെ പിന്തുണയ്ക്കേണ്ടെന്നാണ് സിപിഎം നേതാക്കൾക്കിടയിൽ ധാരണയായിരിക്കുന്നത്. രാജിയുടെ കാര്യത്തിൽ മന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്തില്ലെങ്കിലും സിപിഎം കൈയൊഴിയുന്നതോടെ മന്ത്രി സ്ഥാനത്ത് തുടരുക പ്രയാസമാകും. രാജി വിഷയത്തിൽ മന്ത്രിയും എൻസിപി നേതൃത്വവും ചേർന്ന് തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് സിപിഎം.
എന്നാൽ മന്ത്രിയെ ഏത് വിധേനയും സ്ഥാനത്ത് നിലനിർത്താനുള്ള ശ്രമത്തിലാണ് എൻസിപി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി രാജിവയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് എൻസിപിയുടെ വിലയിരുത്തൽ. പാർട്ടി ദേശീയ നേതൃത്വത്തിന്റെ പിന്തുണയും തോമസ് ചാണ്ടിക്കുണ്ട്. അതിനിടെ സിപിഎ സംസ്ഥാന നിർവാഹക സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. മന്ത്രിക്കെതിരേ മുൻപേ തന്നെ പരസ്യ നിലപാട് സ്വീകരിച്ച സിപിഐ ഇന്ന് ഒൗദ്യോഗികമായി രാജി ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.
മുന്നണിയിലെ രണ്ടു പ്രബല കക്ഷികൾ കൈയൊഴിഞ്ഞാൽ ചാണ്ടിയുടെ രാജി വൈകില്ലെന്നാണ് കരുതപ്പെടുന്നത്. മന്ത്രിയുടെ കൈയേറ്റ കേസിൽ കഴിഞ്ഞ ദിവസം സർക്കാരിനെതിരേ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതും മുന്നണിക്കും സർക്കാരിനും തിരിച്ചടിയായെന്നാണ് ഇടത് നേതാക്കളുടെ വിലയിരുത്തൽ.
അതിനിടെ ഭൂമി കൈയേറ്റ വിഷയത്തിൽ ആലപ്പുഴ കളക്ടർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി വ്യാഴാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ ഹൈക്കോടതിയിൽ നിന്നും വീണ്ടും എതിർ പരാമർശമുണ്ടായാൽ രാജിയല്ലാതെ മന്ത്രിക്ക് മറ്റൊരു വഴിയും ഇല്ലാതെ വരും.