കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റും മുന്‍മന്ത്രിയുമായിരുന്ന അന്തരിച്ച തോമസ് ചാണ്ടി എംഎല്‍എയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നിലവില്‍ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം അഞ്ചു വരെ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
തുടര്‍ന്ന് വൈകുന്നേരം കുട്ടനാട്ടിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് 12ന് സംസ്കാ ശുശ്രൂഷാ പ്രാര്‍ഥനകള്‍ ആരംഭിക്കും. തുടര്‍ന്ന് രണ്ടിന് ആലപ്പുഴ ചേന്നംകരി സെന്റ് പോള്‍സ് മാര്‍ത്തോമ്മ പള്ളിയില്‍ സംസ്കാരം നടക്കും. അഭിവന്ദ്യ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. തോമസ് ചാണ്ടിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമായി പ്രമുഖര്‍ എത്തിച്ചേരും.
കുവൈറ്റ് ഭരണാധികാരിയായ ഷേഖ് അല്‍ അഹമ്മദ് അല്‍സബയുടെ പുത്രനും പ്രതിരോധ മന്ത്രിയും തോമസ് ചാണ്ടിയുടെ സുഹൃത്തുമായ ഷേഖ് നാസര്‍ അല്‍സബ, മുന്‍ പാര്‍ലമെന്റ് അംഗവും ബിസിനസ് പങ്കാളിയുമായ ജാസിം അല്‍ നൂസിഫ്, പ്രൈവറ്റ് എഡ്യൂക്കേഷന്‍ മുന്‍ സെക്രട്ടറി മുഹമ്മദ് അല്‍ഹുമൈദി എന്നിവര്‍ എത്തിച്ചേര്‍ന്നുകഴിഞ്ഞു.
എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍, മുഖ്യമന്ത്രി പിണറായി വിജയന്, എന്‍സിപി ജനറല്‍ സെക്രട്ടറി പ്രഭൂല്‍ പട്ടേല്‍, എംപിമാരായ സുപ്രിയ സുളെ, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ എത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം പി. മാത്യു അറിയിച്ചു.