മങ്കൊന്പ്: അന്തരിച്ച മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ അദ്ദേഹത്തിന്റെ കുടുംബവീടായ കുട്ടനാട്ടിലെ വെട്ടിക്കാടു വീട്ടിൽ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരെത്തി. തോമസ് ചാണ്ടിയുടെ ഭൗതികശരീരം ഒരുനോക്കു കാണുവാനും, അന്ത്യോപചാരമർപിക്കുന്നതിനുമായി ഇന്നലെ വൈകുന്നേരം മുതൽ ചേന്നങ്കരിയിലെ വീട്ടിലേക്കു പ്രമുഖർ എത്തിത്തുടങ്ങിയിരുന്നു.
വൈകുന്നേരം 6.55 ഓടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള കെയുആർടിസിയുടെ ലോഫ്ളോർ ബസ് എത്തിയപ്പോൾ നൂറുകണക്കിനാളുകളാണ് കാത്തുനിന്നിരുന്നത്. മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഭൗതികശരീരം വെട്ടിക്കാട്ടു വീടിനുള്ളിലേക്കാണ് ആദ്യം കൊണ്ടുപോയത്.അവിടെ കാത്തുനിന്ന വൈദികരുടെ നേതൃത്വത്തിൽ അഞ്ചുമിനിറ്റ് പ്രാർത്ഥനയ്ക്കുശേഷം പ്രമുഖരടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി എ.കെ. ശശീന്ദ്രൻ, മുൻ മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎ മാരായ കോവൂർ കുഞ്ഞുമോൻ, കെ.സി. ജോസഫ്, ഇ.എം. ബിജിമോൾ, മാണി.സി.കാപ്പൻ, ചിറ്റയം ഗോപകുമാർ, അനൂപ് ജേക്കബ്, മുൻ എംപി മാരായ പന്ന്യൻ രവീന്ദ്രൻ, ഫ്രാൻസീസ് ജോർജ്, മുൻ എംഎൽഎമാരായ ഡോ. കെ.സി. ജോസഫ്, സി.കെ. സദാശിവൻ, എം. മുരളി കേരളാ കോണ്ഗ്രസ് നേതാവ് ജേക്കബ് എബ്രഹാം വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.