ആലപ്പുഴ: ഗതാഗതമന്ത്രി തോമസ ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിന്റെ തിരിച്ചെത്തിയ ഫയലുകളിൽ തിരിമറി. ആലപ്പുഴ നഗരസഭാ കാര്യാലയത്തിൽ പൊങ്ങിയ ഫയലുകളിൽ റിസോർട്ടിന്റെ ആധാരവും കരമടച്ച രസീതുമില്ല. ഈ രേഖകൾ ഒഴിവാക്കിയാണ് ഫയലുകൾ തിരിച്ചെത്തിച്ചതെന്നു സംശയിക്കുന്നു. നഗരസഭാ കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ പങ്കില്ലാതെ ഇത് നടക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.
ആലപ്പുഴ നഗരസഭാ കാര്യാലയത്തിൽ സൂക്ഷിച്ചിരുന്ന 32 നിർണായക രേഖകളാണ് നേരത്തെ കാണാതായത്. റിസോർട്ടിന് നിർമാണ അനുമതി നൽകിയതുമായി ബന്ധപ്പെട്ട രേഖകളാണ് ഓഫീസിൽനിന്നു കടത്തിയത്. ഭൂമി കൈയേറ്റ ആരോപണം നിലനിൽക്കുന്ന റിസോർട്ടിൽ റവന്യുവകപ്പ് അധികൃതർ പരിശോധന ആരംഭിച്ചശേഷമാണ് ഈ ഫയലുകൾ കാണാതായത്.
സംഭവത്തിൽ മുനിസിപ്പൽ സെക്രട്ടറി സെർച്ച് ഓർഡറിട്ടിരുന്നെങ്കിലും ഇപ്പോഴാണ് ഫയലുകൾ പൊങ്ങിയത്. 18 ഫയലുകളാണ് തിരികെ കാര്യാലയത്തിയത്. ഓഫീസിലെ അലമാരയിൽനിന്നു തന്നെയാണ് ഫയലുകൾ ലഭിച്ചതെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. നേരത്തെ ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും ഫയലുകൾ ലഭിച്ചിരുന്നില്ല. ഈ ഫയലുകളിൽനിന്നാണ് ആധാരവും കരമടച്ച രസീതും മുക്കിയത്.
കുട്ടനാട്ടിൽ മന്ത്രിയുടെ റിസോർട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയെന്നും അഞ്ച് ഏക്കർ കായൽ കൈയേറിയെന്നുമാണ് തോമസ് ചാണ്ടിക്കെതിരായ ആരോപണം.