ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും താണ്ഡവമാടിയ മഴയിലും വെള്ളപ്പൊക്കത്തിലും തന്റെ വീടും മുങ്ങിപ്പോയെന്നും താന്‍ വീട്ടില്‍ കയറിയിട്ട് മൂന്നാഴ്ചയോളമായെന്നും തോമസ് ചാണ്ടി എംഎല്‍എ. വെള്ളപ്പൊക്കത്തില്‍ കുട്ടനാട്ടിലെ ജനങ്ങള്‍ മാത്രമല്ല എംഎല്‍എയായ താനും പെട്ടെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവേ തോമസ് ചാണ്ടി പറഞ്ഞത്.
തന്റെ ഓര്‍മയില്‍ ആദ്യമായി ചമ്പക്കുളളത്തെ സ്വന്തം വീട്ടില്‍ വെളളം കയറി. വെളളപ്പൊക്കം കാരണം കഴിഞ്ഞ 21 ദിവസമായി താന്‍ വീട്ടില്‍ കയറിയിട്ടില്ല. തന്റെ ഉടമസ്ഥതയിലുളള റിസോര്‍ട്ടിലെ നാലു മുറികളിലൊഴികെ മറ്റെല്ലായിടത്തും വെളളം കയറി. ഇതുകാരണം റിസോര്‍ട്ടും പൂട്ടി.
സര്‍ക്കാര്‍ പണം കിട്ടാനുളള കാലതാമസം കണക്കിലെടുത്ത് സ്വന്തം കൈയിലെ പണമെടുത്താണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം തന്റെ ഉടമസ്ഥതയിലുളള ബോട്ടുകളും വളളങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിട്ടുകൊടുത്തതെന്നും എംഎല്‍എ പറയുന്നു. എന്നാല്‍ ചെയ്യുന്ന കാര്യങ്ങളൊന്നും വാര്‍ത്തയാക്കാന്‍ താന്‍ മെനക്കെടാറില്ലെന്നും അങ്ങിനെ വാര്‍ത്തയാക്കാന്‍ ശ്രമിക്കുന്നത് പാപമാണെന്നും ചാണ്ടി പറയുന്നു.