മുഖപത്രത്തിന്‍റെ പിന്തുണ..!ചാണ്ടിക്കെതിരേ സിപിഐ എതിർക്കുമ്പോൾ പരസ്യ പിന്തുണ നൽകി മുഖപത്രം ജനയുഗം

ആലപ്പുഴ: കായൽ കൈയേറ്റ വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ അതിരൂക്ഷ വിമർശനം ഉയർത്തുന്നതിനിടെ പാർട്ടി മുഖപത്രത്തിൽ കൈയേറ്റത്തെ ന്യായീകരിച്ച് പരസ്യം. വാട്ടർവേൾഡ് കമ്പനി എംഡി മാത്യു ജോസഫിന്‍റെ പേരിലാണ് ജനയുഗത്തിൽ അരപേജ് പരസ്യം നൽകിയിരിക്കുന്നത്. മാര്‍ത്താണ്ഡം കായൽ കൈയേറിയെന്നതുൾപ്പെടെയുള്ള ആറോളം ആരോപണങ്ങൾക്ക് പരസ്യത്തിൽ അക്കമിട്ട് മറുപടി നൽകിയിട്ടുണ്ട്.

കൈയേറ്റം സംബന്ധിച്ച കളക്ടറുടെ റിപ്പോർട്ട‌് വസ്തുതാവിരുദ്ധമാണെന്നു വ്യക്തമാക്കുന്ന പരസ്യത്തിൽ ഈ റിപ്പോർട്ട് വളച്ചൊ‌ടിച്ചുവെന്നും ഒരിഞ്ചു ഭൂമി പോലും തോമസ് ചാണ്ടി കൈയേറിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബോയ ഉപയോഗിച്ചുള്ള പോള തടയലിനെയാണ് കൈയേറ്റമായി മാധ്യമങ്ങൾ പെരുപ്പിച്ച് കാട്ടിയത്. പോളതടയുന്നതിനുള്ള ഈ സംവിധാനത്തിന് ഇന്ത്യൻ വാട്ടർ വെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും പരസ്യത്തിൽ പറയുന്നു.‌

വലിയകുളം സീറോ ജെട്ടി റോഡിന്‍റെ നിർമാണം അനധികൃതമാണെന്നു പറയുന്നവർ അതിന്‍റെ ഗുണഭോക്താക്കളിൽ സാധരണ നെൽകർഷകരുമുണ്ടെന്ന് മനസിലാക്കണമെന്നും ഈ റോഡ് ലേക്പാലസ് റിസോർട്ടിനു വേണ്ടിയാണ് ഉണ്ടാക്കിയത് എന്നുള്ള ആരോപണം സത്യത്തിനും നീതിക്കും എതിരായ വെല്ലുവിളിയാണെന്നും ചാണ്ടി “പരസ്യ’മായി പറയുന്നു.

കാർ പാർക്കിംഗിനായി സ്ഥലം നികത്തിയിട്ടില്ല. വെള്ളം കയറി മുങ്ങിപ്പോയിരുന്ന സ്ഥലം മണ്ണിട്ട് ഉയർത്തി നൽകിയത് പാടശേഖരസമിതിയുടെ ആവശ്യപ്രകാരമാണ്. വലിയകുളം സീറോ ജെട്ടി റോഡ് വന്നപ്പോൾ ജനങ്ങൾ ഇതുവഴി വരാതായി. ഇതേത്തുടർന്ന്, സ്ഥലം കമ്പനിയുടെ ഒരു ഷെയർ ഹോൾഡറുടേതായതിനാൽ കമ്പനി ഇവി‌ടം പാർക്കിംഗിനായി ഉപയോഗിച്ചു വരികയാണ്- പരസ്യത്തിൽ വ്യക്തമാക്കുന്നു.

വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാർട്ടി മന്ത്രി ഇ.ചന്ദ്രശേഖരനും തോമസ് ചാണ്ടിക്കെതിരെ രംഗത്ത് വന്നിരുന്നു. യുവജന സംഘടനയായ എഐവൈഎഫും തോമസ് ചാണ്ടിയുടെ രാജി പരസ്യമായി ആവർത്തിച്ചാവശ്യപ്പെട്ടു. ഒപ്പം, തോമസ് ചാണ്ടിക്കെതിരെ നിലപാടെടുത്ത സിപിഐ ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയെ അഴിമതിക്കാരൻ എന്ന് അദ്ദേഹം വിളിച്ചതും പാർട്ടി നേതൃത്വത്തെയും അണികളെയും ചൊടിപ്പിച്ചിരുന്നു.

ഇതിനെതിരെ “തെലങ്കാനയില്‍ ഉദിച്ച രക്തനക്ഷത്രവും പുന്നമടക്കായലിലെ കുളയട്ടയും!’ എന്ന തലക്കെട്ടിൽ ലേഖനമെഴുതിയ ജനയുഗമാണ് ഇപ്പോൾ അതേ മന്ത്രിക്കായി പരസ്യവും നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Related posts