മങ്കൊമ്പ്: മാധ്യമ വാർത്തകളിലൂടെ സംസ്ഥാനത്താകെ ചർച്ചയായ മാത്തൂർ ഭൂമിവിവാദം കോടതിയിലേക്ക്. വ്യാജരേഖ ചമച്ചു മാത്തൂർ ദേവസ്വത്തിന്റെ 34.68 ഏക്കർ ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ടു മാത്തൂർ കുടുംബാംഗമാണ് കോടതിയെ സമീപിച്ചത്. മുൻ എക്സൈസ് കമ്മീഷണറും മാത്തൂർ കുടുംബാംഗവുമായ ടി.ആർ. രാമരാജവർമയാണു പരാതിക്കാരൻ.
ഇന്നലെ രാവിലെ ഹൈക്കോടതിയിലെ അഭിഭാഷകൻ മുഖേനയാണ് ഇദ്ദേഹം രാമങ്കരി കോടതിയെ സമീപിച്ചത്. ഹർജി നവംബർ ആറിനു രാമങ്കരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ഹർജിയിൽ തോമസ് ചാണ്ടിയും കുടുംബാംഗങ്ങളും മുൻ റവന്യു ഉദ്യോഗസ്ഥരുമടക്കം 17 പേർക്കെതിരേ കേസെടുക്കണമെന്നാണ് ആവശ്യം.
2001ൽ വ്യാജ മുക്ത്യാറിന്റെ അടിസ്ഥാനത്തിൽ തീറാധാരമുണ്ടാക്കി ഭൂമി കൈവശപ്പെടുത്തിയെന്നാണ് ആക്ഷേപം. മാത്തൂർ ദേവസ്വത്തിന്റെ ഭൂമി വ്യാജരേഖകളിലൂടെ ചേന്നങ്കരി പള്ളിക്കൽ ശാന്തമ്മ ആന്റണിയുടെയും അഞ്ചു മക്കളുടെയും പേരിലേക്കു മാറ്റുകയും ഇവരുടെ വ്യാജ ഒപ്പും മേൽവിലാസവുമുണ്ടാക്കി ഭൂമി തോമസ് ചാണ്ടി മകളുടെയും സഹോദരന്മാരുടേയും ഭാര്യസഹോദരിയുടെയും പേരിലേക്കു മാറ്റിയെന്നുമാണ് ആരോപണം.
നേരത്തെ മാത്തൂർ ഭൂമി കൈമാറ്റം ചെയ്തതു തങ്ങളറിയാതെയാണെന്നും രേഖകളിലെ ഒപ്പ് വ്യാജമാണെന്നും വെളിപ്പെടുത്തി ശാന്തമ്മ ആന്റണിയുടെ മകൻ സിജോയും രംഗത്തെത്തിയിരുന്നു.
മര്യനാട് ഡൊമിനിക് വധം