കോട്ടയം: എൻസിപിയിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരേ പടയൊരുക്കം. ജനകീയ പ്രതികരണവേദി എന്ന പേരിൽ പുറത്തുവന്ന നോട്ടീസിലാണ് തോമസ് ചാണ്ടിക്കെതിരേ രൂക്ഷവിമർശനമുന്നയിച്ചിരിക്കുന്നത്. പാർട്ടി സംസ്ഥാനപ്രസിഡന്റിന്റെ മരണാനന്തര ചടങ്ങുകളിൽ മുഴുവൻ സമയവും പങ്കെടുക്കാതിരുന്ന മന്ത്രിയെ എൻസിപിക്ക് ആവശ്യമില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയേക്കാൾ തിരക്കുള്ള മന്ത്രിയാണോ തോമസ് ചാണ്ടി. സർക്കാരിൽനിന്നും രണ്ടുകോടി രൂപ ചികിൽസാ സഹായം കൈപ്പറ്റിയ മന്ത്രിക്ക് പാവപ്പെട്ടവന്റെ വേദന അറിയുമോ എന്നാണ് നോട്ടീസിൽ പറയുന്നത്. കഴിഞ്ഞദിവസം അന്തരിച്ച എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ മരണാനന്തര ചടങ്ങുകളിൽ മുഴുവൻ സമയവും പങ്കെടുക്കാതെ മടങ്ങിയ മന്ത്രിയുടെ നടപടിയാണു പ്രവർത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഫോണ്കെണിയിൽപ്പെട്ട് എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനോടും തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് വരുന്നതിനോടും പാർട്ടിയിൽ ഒരുവിഭാഗത്തിനു കടുത്ത എതിർപ്പുണ്ടായിരുന്നു. ഉഴവൂരുൾപ്പടെയുള്ളവർക്ക് എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനോട് യോജിപ്പില്ലായിരുന്നു.
ഉഴവൂർ വിജയനെതിരേ തോമസ് ചാണ്ടി പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തന്റെ മന്ത്രിസ്ഥാനം വൈകിപ്പിക്കാൻ ഉഴവൂർ വിജയൻ ശ്രമിച്ചെന്നായിരുന്നു തോമസ് ചാണ്ടിയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് പെട്ടെന്ന് സത്യപ്രതിജ്ഞ നടത്തിയതെന്നും തോമസ് ചാണ്ടി ചൂണ്ടിക്കാട്ടിയിരുന്നു. വരും ദിവസങ്ങളിൽ പ്രശനം രൂക്ഷമാകുമെന്ന് നല്കുന്ന സൂചന.