തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ കായൽ കൈയേറ്റം സ്ഥിരീകരിച്ച് ജില്ലാ കളക്ടറുടെ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. മാർത്താണ്ഡം കായൽ മണ്ണിട്ടു നികത്തി പാർക്കിംഗ് പ്രദേശമാക്കിയെന്നും പൊതുവഴി കൈയേറി മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ലയിപ്പിച്ചെന്നും ആലപ്പുഴ ജില്ലാ കളക്ടർ ടി.വി. അനുപമ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
നെൽവയൽ- തണ്ണീർത്തട നിയമം ലംഘിച്ചതടക്കം കടുത്ത നിയമ ലംഘനങ്ങളാണു മന്ത്രി നടത്തിയത്. നെൽവയൽ- തണ്ണീർത്തട നിയമം ലംഘിച്ചാൽ കേസെടുക്കാനാകും. മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, മന്ത്രിക്കെതിരേ കേസെടുക്കണോ എന്നു കളക്ടർ വ്യക്തമാക്കിയിട്ടില്ലെന്നാണു സൂചന.
ശനിയാഴ്ച രാത്രിയോടെയാണു കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഇന്നു തിരുവനന്തപുരത്തു മടങ്ങിയെത്തും. തുടർന്ന് അദ്ദേഹം റിപ്പോർട്ട് പരിശോധിക്കും. റവന്യു സെക്രട്ടറിക്കു ലഭിച്ച റിപ്പോർട്ട് അദ്ദേഹത്തിന്റെ ശിപാർശ സഹിതം സർക്കാരിനു കൈമാറേണ്ടതുണ്ട്.
വേങ്ങര ഉപതെരഞ്ഞെടുപ്പിനു മുമ്പു സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലും മന്ത്രി കായൽകൈയേറ്റം നടത്തിയതായി കളക്ടർ ചൂണ്ടിക്കാട്ടിയിരുന്നു. മാർത്താണ്ഡം കായൽ മണ്ണിട്ടു നികത്തിയതു പുനഃസ്ഥാപിക്കാൻ നടപടി വേണം. മന്ത്രിയുടെ റിസോർട്ടിനായി കായൽപ്രദേശത്തിന്റെ നിശ്ചിത ഭാഗം ബോയ കെട്ടി തിരിക്കാൻ ആവശ്യമായ ഉത്തരവു നൽകിയ ആർഡിഒ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണം എന്നതടക്കമുള്ള ശിപാർശകളും റിപ്പോർട്ടിലുണ്ട്.
ജില്ലാ കളക്ടർ നേരിട്ടെത്തി പരിശോധിച്ചാണു റിപ്പോർട്ട് തയാറാക്കിയത്. ഉപഗ്രഹ രേഖാചിത്രങ്ങളുടെ സഹായത്തോടെയാണു പഴയ കാല സ്ഥിതിവിവരം മനസിലാക്കിയത്. മാർത്താണ്ഡം കായൽ കൈയേറിയാണു പാർക്കിംഗ് പ്രദേശം ഒരുക്കിയത്. മുൻ വർഷങ്ങളിലെ ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ചപ്പോൾ ഇവിടെ കായൽ പ്രദേശമായിരുന്നുവെന്നു വ്യക്തമായി. ലേലത്തിനെടുത്ത മണ്ണ് ഉപയോഗിച്ചാണു മന്ത്രി കായൽ കൈയേറിയത്. സമീപ പ്രദേശത്തുനിന്നു സർക്കാർ ഏജൻസി നീക്കിയ മണ്ണ് കായൽ ഭാഗത്തു നിക്ഷേപിക്കാൻ നിർദേശിക്കുകയായിരുന്നു.
പിന്നീടിത് ഉയർന്ന തുകയ്ക്കു ലേലം കൊള്ളുകയായിരുന്നുവെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും കാസർഗോഡ് ആയതിനാൽ റിപ്പോർട്ട് കാണാൻ കഴിഞ്ഞിട്ടില്ലെന്നും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.