സി.സി.സോമൻ
കോട്ടയം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ ദുരൂഹത തുടരുന്പോൾ അദ്ദേഹത്തിനെതിരേയുള്ള വിജിലൻസ് അന്വേഷണം തുടരുകയാണ്. ഈ റിപ്പോർട്ട് തയാറാക്കുന്പോൾ മന്ത്രി രാജിവച്ചിട്ടില്ല. അതേ സമയം അന്വേഷണത്തിന്റെ ഭാഗമായി തോമസ് ചാണ്ടിയുടെ മൊഴിയെടുക്കാനുള്ള തയാറെടുപ്പിലാണ് വിജിലൻസ് സംഘം.
നിലം നികത്തി റോഡ് നിർമിച്ചെന്ന പരാതിയിൽ കോട്ടയം വിജിലൻസ് എസ്പി എം.ജോണ്സണ് ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. വിജിലൻസ് ഡിവൈഎസ്പി എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് ആരംഭിച്ചു. പരാതിക്കാരുടെ മൊഴിയെടുക്കൽ പൂർത്തിയായി. റോഡ് പണി ഏറ്റെടുത്ത കരാറുകാരുടെ മൊഴിയെടുക്കൽ ഇന്നലെ ആരംഭിച്ചു.
2011-12 കാലഘട്ടത്തിലാണ് വിവാദമായ റോഡ് നിർമിച്ചത്. നാലു റീച്ചുകളിലായി നാലു കരാറുകാരാണ് റോഡ് നിർമാണം ഏറ്റെടുത്തത്. ഇതിൽ ഒരു കരാറുകാരന്റെ മൊഴിയെടുത്തു. ഇനി ബാക്കി കരാറുകാരുടെ മൊഴിയെടുക്കാനുണ്ട്.
ഏറ്റവും ഒടുവിലായി മന്ത്രി തോമസ് ചാണ്ടിയുടെയും മൊഴിയെടുക്കും. അതിനു ശേഷമാവും പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശം.
മന്ത്രി നിലം നികത്തി റിസോർട്ടിലേക്ക് റോഡ് നിർമിച്ചുവെന്നു ചൂണ്ടിക്കാട്ടി സുരേഷ് എന്നയാൾ നല്കിയ പരാതിയിൽ കോട്ടയം വിജിലൻസ് കോടതിയാണ് ത്വരിതാന്വേഷണം നടത്താൻ ഉത്തരവിട്ടത്. വിജിലൻസ് നല്കുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരേ കേസെടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുക. മന്ത്രി തണ്ണീർത്തട നിയമം ലംഘിച്ചോ എന്ന് അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്പോഴറിയാം.