കൊച്ചി: തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ഭൂമിയിടപാട് കേസിൽ ഹൈക്കോടതിയിലെ ഉദ്യോഗസ്ഥർക്ക് സിംഗിൾ ബെഞ്ചിന്റെ രൂക്ഷ വിമർശനം. ഹൈക്കോടതി രജിസ്ട്രിക്കും ഡെപ്യൂട്ടി രജിസ്ട്രിക്കും സെക്ഷൻ ഓഫീസർക്കുമാണ് വിമർശനമുണ്ടായിരിക്കുന്നത്. മൂവരോടും ഉച്ചയ്ക്ക് 1.30ന് കോടതിയിൽ ഹാജരാകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
തോമസ് ചാണ്ടിയുടെ പങ്കാളിത്തമുള്ള വാർട്ടർ വേൾഡ് കന്പനി ആലപ്പുഴയിൽ ഭൂമി നികത്തിയ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ നേരത്തെ കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ വേൾഡ് കന്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ ഹർജി ഇന്ന് പരിഗണിക്കുമെന്ന് ജസ്റ്റീസ് സുരീന്ദ്രകുമാർ നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ കേസുകൾ പോസ്റ്റ് ചെയ്യേണ്ട രജിസ്ട്രി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ഈ ഹർജി മുക്കിയതാണ് സിംഗിൾ ബെഞ്ചിനെ ചൊടിപ്പിച്ചത്.
തോമസ് ചാണ്ടിയുടെ ഹർജി ഇന്നത്തേക്ക് പോസ്റ്റ് ചെയ്തിട്ടില്ലെന്ന് എതിർ കക്ഷിയായ സുഭാഷ് കോടതിയൈ അറിയിക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥരുടെ ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും എന്തുകൊണ്ട് ഈ ഹർജി ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വച്ചില്ലെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു.
ഹർജി ലിസ്റ്റ് ചെയ്യാതിരുന്നതിന്റെ കാരണം രജിസ്ട്രിയും ഡെപ്യൂട്ടി രജിസ്ട്രിയും സെക്ഷൻ ഓഫീസറും നേരിട്ട് ഹാജരായി ബോധിപ്പിക്കാനാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.ഉച്ചയ്ക്ക് 1.30-നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം സിംഗിൾ ബെഞ്ച് കേൾക്കുന്നത്. ഇതിന് ശേഷം 1.45ന് വാട്ടർ വേൾഡ് കന്പനി നൽകിയ ഹർജി പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.
മലബാർ സിമന്റ്സ് അഴിമതി കേസുമായി ബന്ധപ്പെട്ട ഫയലുകൾ അടുത്തിടെ ഹൈക്കോടതിയിൽ നിന്നും കാണാതായപ്പോഴും ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷ വിമർശനം ജസ്റ്റീസ് സുരീന്ദ്രകുമാർ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ഹർജി വൈകിപ്പിക്കാൻ നീക്കം നടത്തിയതും ഹൈക്കോടതി ചോദ്യം ചെയ്തത്.