കോട്ടയം: തോമസ് ചാഴികാടൻ എംപിയുടെ ഓണ്‍ലൈൻ മീറ്റിംഗിൽ ഒമാനിലെ പ്രവാസികൾ ആവശ്യപ്പെട്ട കാര്യങ്ങളിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ. ഒമാനിലെ പ്രവാസി സമൂഹം നിരവധി ആവശ്യങ്ങൾ ഓണ്‍ലൈൻ വീഡിയോ മീറ്റിംഗിലൂടെ ഉന്നയിച്ചു.
ആവശ്യങ്ങൾ എല്ലാം ക്രോഡീകരിച്ചു പ്രധാനമന്ത്രിക്ക് തോമസ് ചാഴികാടൻ എംപി ഇ മെയിൽ അയച്ചു. ഒരു ദിവസത്തിനുള്ളിൽ പ്രധാന മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുണ്ടായി.
പ്രവാസി ഇന്ത്യക്കാരുടെ ആവശ്യങ്ങൾ പ്രധാന മന്ത്രി നേരിട്ട് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി സംസാരിച്ചതിനെത്തുടർന്ന് പ്രവാസികളുടെ അടിയന്തര ആവശ്യങ്ങളിൽ വേണ്ട സഹായം നൽകുന്നതിന് നിർദേശം നൽകുകയും ചെയ്തതായി വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ടി. വി. നാഗേന്ദ്രപ്രസാദ് ഇ മെയിലിലൂടെ തോമസ് ചാഴികാടൻ എംപിയെ അറിയിച്ചു.
തോമസ് ചാഴികാടൻ എംപി തിങ്കളാഴ്ച ഒന്‍പതു മണിക്കൂറോളമാണ് 32 രാജ്യങ്ങളിലെ 427 പ്രവാസികളുമായി ഓണ്‍ലൈനിൽ ആശയവിനിമയം നടത്തിയത്. ഓഷ്യാന – ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, കാനഡ എന്നിങ്ങനെ സോണുകളായി തിരിച്ച് നടത്തിയ വീഡിയോ കോണ്‍ഫറൻസിംഗ് ഏറെപ്പേർക്ക് ആശ്വാസം പകർന്നു.
നിരവധി പേരാണ് വിവിധ രാജ്യങ്ങളിൽ നിന്നും തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അദ്ദേഹത്തോട് പറഞ്ഞത്. യാത്രാ നിരോധനം പിൻവലിക്കുന്പോൾ വിമാന കന്പനികൾ അധികനിരക്ക് ഈടാക്കുന്ന സാഹചര്യം പാടില്ലെന്നും ചാഴികാടൻ ആവശ്യപ്പെട്ടു.
്