ബിജു ഇത്തിത്തറ
കടുത്തുരുത്തി: മുട്ടുചിറ ടൗണിൽ ബേക്കറി നടത്തുന്ന തോമസിന്റെ ഹൃദയമിടിപ്പറിയണമെങ്കിൽ വലതുഭാഗത്തെ നെഞ്ചിൽ കൈ വയ്ക്കണം. കാര്യമറിയാതെ ഇടതു നെഞ്ചിൽ കൈ വച്ചാൽ ഡോക്ടറാണെങ്കിൽ പോലും ഞെട്ടും.
കൈയുടെ കുഴപ്പമാണെന്നു കരുതി സ്റ്റെതസ്-കോപ്പ് വച്ചാലും ഹൃദയം ഇടിക്കുന്നത് കണ്ടെത്താനാവില്ല. തോമസിന് ഹൃദയം ഇല്ലാത്തതല്ല ആരൂടെയും ഈ ഞെട്ടലിന് കാരണം. ഇദേഹത്തിന്റെ ഹൃദയം ഇരിക്കുന്നത് വലതു വശത്തായതു കൊണ്ടാണ്.
ലക്ഷത്തിൽ ഒരാൾക്കു മാത്രമേ വലതുവശത്ത് ഹൃദയം വരാറുള്ളൂ. ആദിത്യപുരം കുഴിപ്പിൽ കെ.എ. തോമസിന്റെ (67) ഹൃദയം മാത്രമല്ല കരളും പ്ലീഹയും മറ്റ് ആന്തരിക അവയവങ്ങളെല്ലാം വലതു വശത്താണ്.
പത്താം വയസിൽ കാലിലെ സന്ധികൾക്ക് നീരും വേദനയും വന്നപ്പോൾ ചികിത്സയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഹൃദയവും മറ്റു ആന്തരിക അവയവങ്ങളും വലതു വശത്താണെന്ന യാഥാർഥ്യം തോമസ് തിരിച്ചറിഞ്ഞത്.
സാധാരണ മനുഷ്യരുടെ ഹൃദയവും ആന്തരികാവയവങ്ങളും ഇരിക്കുന്നത് ശരീരത്തിന്റെ ഇടതു ഭാഗത്താണ്. ഹൃദയം വലതു വശത്ത് സ്ഥിതി ചെയ്യുന്നവരെ പലയിടത്തും കാണാറുണ്ടെങ്കിലും ഏല്ലാ ആന്തരികാവയവങ്ങളും വലതു വശത്തുള്ള മനുഷ്യർ അപൂർവമാണെന്ന് ഡോക്ടർമാരും പറയുന്നു.
ഡിസ്ട്രോകാഡിയാ സൈറ്റ് ഓഫ് ഇൻവേഴ്സസ് എന്ന് ഡോക്ടർമാർ വിളിക്കുന്ന അത്ഭുത പ്രതിഭാസമാണിത്. ജന്മസിദ്ധമായി അവയവങ്ങൾക്ക് സ്ഥാനമാറ്റം ഉണ്ടായെങ്കിലും നാളിതുവരെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് തോമസ് പറയുന്നത്.
പരേതയായ സോഫിയാണ് തോമസിന്റെ ഭാര്യ. സോളി, സോണി എന്നിവരാണ് മക്കൾ.