ആലപ്പുഴ: കേരളത്തെ പുനർനിർമിക്കാൻ 30,000 കോടി വേണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പ്രളയാനന്തര പുനർനിർമാണത്തിനുവേണ്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തകർന്ന പാലങ്ങൾ, കെട്ടിടങ്ങൾ, ബണ്ടുകൾ, നഷ്ടപരിഹാരം, വീട്, കൃഷി , ദുരിതാശ്വാസ പ്രവർത്തനം എന്നിവയ്ക്കായി 20,000 കോടി രൂപയാണ് വേണ്ടതെന്ന് തോമസ് ഐസക് പറഞ്ഞു. ഉപജീവനസഹായത്തിനായി 10,000 കോടി രൂപയും വേണം. ഇതിൽ 4000 കോടി തൊഴിലുറപ്പിനും മറ്റു അനുബന്ധ വിഷയങ്ങൾക്കും ഉപയോഗിക്കേണ്ടി വരുന്പോൾ 6,000 കോടി രൂപ വരുമാനമായി നാം തന്നെ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.
6000 കോടി സംസ്ഥാന സർക്കാർ നാനാവിധ മാർഗങ്ങളിലൂടെ വേണം സമാഹരിക്കാൻ. അതിനാണ് ലോട്ടറി പോലെയുള്ള ധനസമാഹരണം സർക്കാർ ആരംഭിച്ചത്. ഇതൊരു ഭാഗ്യപരീക്ഷണമായി കാണേണ്ടന്നും കേരളീയ പൗരന്റെ സംഭാവനയായി കണ്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു.
പ്രളയബാധിത പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പഞ്ചായത്ത് സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ സ്ത്രീ സൗഹൃദ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷനായി.
ദുരന്ത സമയത്ത് ലോകം മുഴുവനും മലയാളികളെ സഹായിച്ചിരുന്നുവെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. എല്ലാവരും ഒരുടിക്കറ്റ് വീതം എടുത്താൽ 750 കോടി രൂപയെങ്കിലും സമാഹരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. നവകേരള ലോട്ടറി ടിക്കറ്റ് മന്ത്രി ഡോ. തോമസ് ഐസക്കിൽ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റുവാങ്ങി.
ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ ആദ്യ വില്പന നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, കളക്ടർ എസ്. സുഹാസ്, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എം. അഞ്ജന , ജോയിന്റ് ഡയറക്ടർ ജി. ഗീതാദേവി എന്നിവർ പ്രസംഗിച്ചു.