കരുനാഗപ്പള്ളി: കേരളത്തിലെ സ്ത്രീകളെ അന്തസുള്ളവരും അഭിമാനബോധമുള്ളവരുമാക്കി മാറ്റിയത് കുടുംബശ്രീയാണെന്ന് മന്ത്രി മാത്യു.ടി തോമസ് പറഞ്ഞു.കരുനാഗപ്പള്ളിയിൽ നടന്ന റീജിയണൽ വുമൺ കോൺക്ലേവിന്റെ സമാപനസമ്മേളനത്തിന്റെ ഭാഗമായി നടന്ന യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സമ്പത്തിന്റെ വിനിയോഗത്തിൽ സ്ത്രീകളുടെ പങ്ക് വർധിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആർ. രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ക്യാമ്പ് അംഗങ്ങൾ ചേർന്ന് പ്രതിരോധാഗ്നി തെളിയിച്ചു കൊണ്ടാണ് പരിപാടിക്ക് സമാപനമായത്. മന്ത്രിയിൽ നിന്നും സംസ്ഥാന ലൈബ്രറി കൗണ്സില് അംഗം ആര്.കെ. ദീപയും സിഡിഎസ് ചെയർപേഴ്സൺമാരും ചേർന്ന് അഗ്നി ഏറ്റുവാങ്ങി. തുടർന്ന് തുടർന്ന് മറ്റുള്ളവരിലേക്ക് തിരിനാളങ്ങൾ പകർന്നു.
സ്ത്രീ മുന്നേറ്റത്തിന്റെ പോരാട്ടങ്ങൾക്ക് നാന്ദി കുറിക്കുന്ന പ്രതിജ്ഞ ഷെർളി ശ്രീകുമാർ ചൊല്ലിക്കൊടുത്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, നഗരസഭാ അധ്യക്ഷ എം. ശോഭന, പി. ബി. ശിവൻ, എ. ജി. സന്തോഷ്, വി. ആർ. അജു എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പെണ്ണകം പ്രവർത്തകർ അവതരിപ്പിച്ച സംഗീതിക, തിരുവാതിര, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് നാടകം എന്നിവയും നടന്നു.കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലും ജില്ലാ കുടുംബശ്രീ മിഷനും ചേർന്ന് രൂപീകരിച്ച പെണ്ണകം എന്ന വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്താദ്യമായി റീജിയണൽ വുമൺ കോൺക്ലേവ് സംഘടിപ്പിച്ചത്. വിവിധ മേഖലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 200 വനിതകളാണ് മൂന്നു ദിവസത്തെ പരിപാടിയിൽ പങ്കെടുത്തത്.