ആലപ്പുഴ: വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ലെന്നും വ്യാപാരമേഖല ശക്തിപ്പെടുത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പി.സി. നടേശൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യാപാരികൾക്ക് ജിഎസ്ടിയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള നോട്ടീസുകൾ കംപ്യൂട്ടർ രേഖകളുടെ പരിശോധനയിൽ നിന്ന് ലഭിച്ച വിരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും തോമസ് ഐസക് പറഞ്ഞു. മലയാളികളുടെ സ്വർണഉപയോഗം വർധിച്ചുവരുന്നതായും ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ 20ശതമാനം കേരളത്തിലാണ് വിറ്റഴിക്കുന്നതെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര അധ്യക്ഷത വഹിച്ചു.
എ.എം. ആരിഫ് എംപി, ഷാനിമോൾ ഉസ്മാൻ എംഎൽഎ, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വർക്കിംഗ് ജനറൽ സെക്രട്ടറി രാജൻ.ജെ.തോപ്പിൽ, ട്രഷറർ പി.വി. തോമസ്, അബ്ദുൾ കരിം ഹാജി, പി.കെ. അയ്മു ഹാജി, കോടോത്ത് അശോകൻ നായർ, എബി പാലത്ര തുടങ്ങിയവർ പങ്കെടുത്തു.