മലപ്പുറം: ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിന്റെ ‘കള്ളപ്പണവേട്ട: മിഥ്യയും യാഥാര്‍ഥ്യവും’ എന്ന പുസ്തകം നാളെ വൈകിട്ട് നാലിന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ എം.ടി.വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്യും. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി.നന്ദകുമാര്‍ അധ്യക്ഷത വഹിക്കും.സംസ്‌കൃത സര്‍വകലാശാല അസോ. പ്രഫസര്‍ ഷംസാദ് ഹുസൈന്‍ പുസ്തകം ഏറ്റുവാങ്ങും. മന്ത്രി തോമസ് ഐസക് പ്രഭാഷണം നിര്‍വഹിക്കുന്ന യോഗത്തില്‍ പ്രഫ.പി.പി.അബൂബക്കര്‍ ആശംസാ പ്രസംഗം നടത്തും.
നോട്ടുനിരോധത്തിന്റെ വിവിധ വശങ്ങള്‍ വിശകലനം ചെയ്ത് ചോദ്യോത്തരരൂപത്തില്‍ തയാറാക്കിയതാണ് പുസ്തകം. മന്ത്രി നടത്തിയ ഫേസ്ബുക്ക് ലൈവുകളില്‍ വന്ന ചോദ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ കമന്റായും മറ്റും വന്ന ചോദ്യങ്ങളും പലരും മന്ത്രിയോടു ഫോണിലും നേരിട്ടും ചോദിച്ച ചോദ്യങ്ങളുമൊക്കെ പരിശോധിച്ച് അവയില്‍നിന്നു തെരഞ്ഞെടുത്ത 52 ചോദ്യങ്ങളും ഉത്തരവുമാണുള്ളത്. പത്ത് അധ്യായങ്ങളുള്ള പുസ്തകത്തില്‍ കള്ളപ്പണത്തെയും അതു തടയാനുള്ള മാര്‍ഗങ്ങളെയും പറ്റിയുള്ള ശാസ്ത്രീയ വിശകലനം മുതല്‍ കാഷ്‌ലെസ് സമ്പദ്ഘടനയുടെ സവിശേഷതകളും ഇപ്പോഴത്തെ പ്രതിസന്ധിയും ദുരിതങ്ങളും പരമാവധി ലഘൂകരിക്കാനുള്ള മാര്‍ഗങ്ങളും വരെയുണ്ട്.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ രണ്ടാഴ്ചത്തെ ചികിത്സയില്‍ കഴിയവെയാണു പുസ്തകരചന നടത്തിയത്. വൈദ്യശാലയുടെ മേധാവിയായ ഡോ.പി.കെ.വാര്യര്‍ക്കാണു പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. നവംബര്‍ എട്ട്, കള്ളപ്പണം, നടത്തിപ്പ്, പ്രത്യാഘാതങ്ങള്‍, കേരളം, സഹകരണപ്രസ്ഥാനം, എന്തു ചെയ്തു, ക്യാഷ്‌ലെസ് സമ്പദ്ഘടന, സാമ്പത്തികശാസ്ത്രജ്ഞര്‍, എന്തു ചെയ്യണം എന്നിവയാണ് അധ്യായങ്ങള്‍.