തിരുവനന്തപുരം: അവകാശലംഘനം നടത്തിയത് സിഎജിയെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജി നിഗമനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണ്. നിയമസഭയുടെ അവകാശത്തെ സിഎജി ലംഘിക്കുന്നുവെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചർച്ചചെയ്യാത്ത കാര്യങ്ങൾ ഉൾക്കൊള്ളിച്ച റിപ്പോർട്ട് സഭയിൽ വയ്ക്കണമെന്ന് ആജ്ഞാപിക്കാനാകില്ല. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് കരട് തയാറാക്കും മുൻപ് സർക്കാരിനെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
11ലെ എജിയുടെ വാർത്താക്കുറിപ്പ് 16ന് പുറത്തുവന്നതിൽ അസ്വഭാവികതയുണ്ട്. വിവരങ്ങൾ ചോരുന്നത് എജിയുടെ ഓഫീസിൽനിന്നാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
എജി സർക്കാരിനെതിരെ നിഴൽ യുദ്ധം നടത്തുകയാണ്. സിഎജി റിപ്പോർട്ട് വികസനത്തിൽ അനിശ്ചിതാവസ്ഥയുണ്ടാക്കി. അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ അസാധാരണ നടപടി വേണ്ടിവരും.
സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം നടന്നു. തനിക്കെതിരെ ഉന്നയിക്കുന്ന അവകാശലംഘനം ചെറുതാണ്. സംസ്ഥാന താത്പര്യങ്ങളെ തകർക്കുന്ന പ്രശ്നമാണ് വലുതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങൾ വിശദമാക്കി സ്പീക്കർക്ക് മറുപടി നൽകും. സിഎജി റിപ്പോർട്ടിന്റെ ക്രമവിരുദ്ധത ചൂണ്ടിക്കാണിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.