കൊച്ചി: കേരളത്തിലെ ജില്ലാ സഹകരണബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുകളും കെവൈസി ചട്ടങ്ങള്‍ അനുസരിച്ചുതന്നെയാണു പ്രവര്‍ത്തിക്കുന്നതെന്നു ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ നേരത്തെ ചൂണ്ടിക്കാട്ടണമായിരുന്നു. എന്നാല്‍, അപകടസമയത്ത് അവസരം മുതലെടുത്തു സഹകരണ ബാങ്കുകളെ പൂട്ടിക്കാന്‍ ശ്രമിക്കുകയാണു കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.
കള്ളപ്പണ നിക്ഷേപം ഉണ്ടെങ്കില്‍ അതു കണ്ടെത്താന്‍ മറ്റു രീതികളുണ്ട്. അല്ലാതെ കേരളത്തിലെ 21 ലക്ഷത്തോളം വരുന്ന സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ മരവിപ്പിച്ചതു ശരിയായ നടപടിയല്ല. ഇവിടെ മുഴുവന്‍ കള്ളപ്പണമാണെന്നു പറയുന്നത് ജനങ്ങളെ മൊത്തത്തില്‍ അപമാനിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസം ഉണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു കൂടുതല്‍ തുക വായ്പയായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഒരു മാസംകൊണ്ടു പരിഹരിക്കാനാകില്ല. കുറഞ്ഞത് ആറുമാസമെങ്കിലുമെടുക്കും ഈ പ്രതിസന്ധി അവസാനിക്കാന്‍. സംസ്ഥാന സര്‍ക്കാരിന് ഈ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ സാധിക്കില്ല. സമാശ്വാസം നല്‍കാനേ സാധിക്കൂ. ഇത് കേന്ദ്രത്തിന് മാത്രം പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നമാണെന്നും തോമസ് ഐസക് പറഞ്ഞു.