കോട്ടയം: ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് വഴി തെളിഞ്ഞു. പ്രളയബാധിതമല്ലാത്ത പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് പഞ്ചായത്തുകൾ സമാഹരിക്കുന്ന തുകയ്ക്ക് ആനുപാതികമായി സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്ക് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം മണ്ഡലത്തിൽ ധനസമാഹരണ യോഗത്തിൽ പങ്കെടുക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രളയം ബാധിക്കാത്ത പഞ്ചായത്തുകൾക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്ള നിയോജകമണ്ഡലതല ധനസമാഹരണത്തിൽ പുതുപ്പള്ളി നിയോജക മണ്ഡലം സമാഹരിച്ചത് 2283780 രൂപയും 42 ലക്ഷം രൂപയുടെ ഭൂമിയും.
കൂടാതെ 1087786 രൂപയുടെ സമ്മതപത്രവും ലഭിച്ചു. 33980 രൂപ പണമായും 2249800 രൂപ ചെക്കായും കിട്ടി . പാന്പാടി ബ്ലോക്ക്പഞ്ചായത്ത് അഞ്ചു ലക്ഷവും പഞ്ചായത്ത് എട്ടു ലക്ഷവും നൽകി. വാകത്താനം പഞ്ചായത്ത് നാലു ലക്ഷം മീനടം പഞ്ചായത് 75000 രൂപയും മണർകാട്, അകലകുന്നം, പുതുപ്പള്ളി തുടങ്ങിയ പഞ്ചായത്തുകൾ ഒരു ലക്ഷം രൂപ വീതവും നൽകി.
കൂരോപ്പട പഞ്ചായത്ത് 127300 രൂപയാണ് ശേഖരിച്ചത്. അകലകുന്നം പഞ്ചായത്ത് ഒരു ലക്ഷം രൂപയ്ക്ക് പുറമെ 42 ലക്ഷം രൂപ മതിപ്പുവിലയുള്ള 42 സെന്റ് സ്ഥലവും ദുരിതാശ്വസത്തിനായി കൈമാറി. സർക്കാരിന്റെ സാലറി ചലഞ്ച് ഏറ്റെടുത്ത പാന്പാടി ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ 681663 രൂപയും അകലകുന്നം പഞ്ചായത്ത് 406123 രൂപയും ദുരിതാശ്വസ നിധിയിലേക് സംഭാവന ചെയ്യുന്നതിനുള്ള സമ്മതപത്രം നല്കി.
പാന്പാടി ബ്ലോക്ക് മഹിളാ പ്രധാൻ ഏജന്റ്മാർ 32500 രൂപയാണ് നൽകിയത്. വാകത്താനം പഞ്ചായത്തിലെ ഏഴു വാർഡിലെ ആരാധന, പ്രാർഥന എന്നി കുട്ടികളുടെ കുഞ്ഞി കുടുക്കകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തി. 760 രൂപയാണ് കുടുക്കയിൽ ഉണ്ടായിരുന്നത്.