കായംകുളം : പിണറായി സർക്കാരിന്റെ പ്രധാന വികസന അജണ്ട പാവങ്ങൾക്ക് സന്പൂർണ സംരക്ഷണം ഒരുക്കുക എന്നുള്ളതാണന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കരീലക്കുളങ്ങരയിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിന്റെ അടിത്തറ പാവപ്പെട്ടവരും സാധാരണക്കാരുമാണ് അവരെ സംരക്ഷിക്കുന്ന തരത്തിലേ എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കൂ എന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ അഞ്ച് ലക്ഷം ടൂറിസ്റ്റുകളാണ് വിനോദ സഞ്ചാരത്തിനായി വന്നു പോകുന്നത്. അതിനാൽ ടൂറിസത്തിന്റെ സാധ്യതകളിലൂടെയും പൈതൃക നഗരമെന്ന നിലയിലും ആലപ്പുഴയുടെ മുഖച്ഛായ മാറ്റുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ, സംസ്ഥാനകമ്മിറ്റിയംഗം സി.എസ്.സുജാത, എംഎൽഎമാരായ എ.എം. ആരിഫ്, ആർ. രാജേഷ്, യു. പ്രതിഭാഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ , എം. എ. അലിയാർ , കെ. രാഘവൻ , എ. മഹേന്ദ്രൻ , പി. പി. ചിത്തരഞ്ജൻ , പി. അരവിന്ദാക്ഷൻ , കെ. എച്ച്. ബാബുജാൻ ,ലീലാഅഭിലാഷ് എന്നിവർ പ്രസംഗിച്ചു.