ആലപ്പുഴ: കെഎസ്ആർടിസിയുടെ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ പാക്കേജ് തയാറാക്കാൻ തൊഴിലാളികളും മാനേജ്മെന്റും സന്നദ്ധമാകണമെന്ന്് ധനമന്ത്രി തോമസ് ഐസക്. ഇതുമായി ബന്ധപ്പെട്ട് വലിയ വിലപേശലുകൾ നടക്കുകയാണ്. പാക്കേജ് നടപ്പാക്കുകയല്ലാതെ സ്ഥാപനത്തെ രക്ഷിക്കാൻ കഴിയില്ലെന്നും ഡോ. തോമസ് ഐസക് പറഞ്ഞു. പാക്കേജിന്റെ ഭാഗമായി കോർപറേഷന്റെ കടബാധ്യതകളിൽ തിരുത്തലുകൾ വരുത്തണം.
കാര്യങ്ങൾ നേരെയാകാൻ രണ്ടു വർഷമെങ്കിലുമെടുക്കും. ഈ കാലയളവിൽ കോർപറേഷനിലെ പെൻഷൻ സർക്കാർ നല്കും. ഈ കാലയളവിനു ശേഷം പെൻഷൻ നല്കുന്നതിനുള്ള കഴിവ് കെഎസ്ആർടിസിക്കുണ്ടാകണം. ഇതിന് എന്തൊക്കെ വേണം, എന്തൊക്കെ ചെയ്യണം എന്നത് തിട്ടപ്പെടുത്തണം.
കോർപറേഷനിലെ പെൻഷൻ വിതരണം നിലവിൽ സർക്കാരാണ് നൽകുന്നത്്. നേരത്തെ ഇത് ഏറ്റെടുക്കാനാകുമായിരുന്നില്ല. ജീവനക്കാരുടെ ശന്പളവും, പെൻഷനും, ഡീസലിനുള്ള പണവും സർക്കാർ നൽകേണ്ട അവസ്ഥയോട് കാര്യങ്ങൾ അടുത്തിരുന്നെന്നും മന്ത്രി പറഞ്ഞു.
ഇങ്ങനെയെങ്കിൽ അനിവാര്യമായ പതനത്തിലേക്കാണ് കഐസ്ആർടിസി നീങ്ങുന്നത്. സന്പൂർണ പുനഃസംഘടന കോർപറേഷനിൽ നടപ്പാക്കാനുള്ള പുതിയ ഇടപെടൽ വേണമെന്നും വിവാദങ്ങൾ ഉണ്ടാകുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടേ എന്നും ധനമന്ത്രി പറഞ്ഞു.