കൊച്ചി: ചരക്കു സേവനനികുതിയുടെ(ജിഎസ്ടി) മറവില്‍ അന്യ സംസ്ഥാനലോട്ടറികള്‍ കേരളത്തില്‍ പിടിമുറുക്കാന്‍ സാധ്യതയുണെ്ടന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ് ആന്‍ഡ് സ്റ്റാഫ് യൂണിയന് (സിഐടിയു) സംസ്ഥാനകണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടാക്സ് ഓണ്‍ ഗാംബഌംഗും ലോട്ടറിയും ജിഎസ്ടിയില്‍ ലയിപ്പിച്ചതിനാല്‍ ലോട്ടറിയുടെമേല്‍ നിലവിലുള്ള സംസ്ഥാനനിയമം ഇല്ലാതാകും. സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെതന്നെ ആര്‍ക്കും ലോട്ടറി നടത്താമെന്ന അവസ്ഥയിലെത്തും.
ഇതിലൂടെ അന്യസംസ്ഥാനലോട്ടറികളുടെ രൂപത്തില്‍ ലോട്ടറി മാഫിയ സംസ്ഥാനത്തു കടന്നുകയറും. കേരള ലോട്ടറിയെ തകര്‍ക്കാന്‍ ജിഎസ്ടി ഉപാധിയായി മാറിയേക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കേരളത്തെപ്പോലെയല്ല മറ്റു സംസ്ഥാനങ്ങളിലെ ലോട്ടറി മേഖലയെന്നും അവിടങ്ങളിലെല്ലാം ലോട്ടറി മാഫിയകള്‍ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനത്തെത്തുടര്‍ന്നു സംസ്ഥാനത്തെ ഭാഗ്യക്കുറി മേഖല പ്രതിസന്ധിയിലാണ്. ലോട്ടറി ടിക്കറ്റ് മുന്‍കൂര്‍ വാങ്ങിവയ്ക്കുന്നവര് എന്ന നിലയ്ക്കു ലോട്ടറി തൊഴിലാളികള്‍ക്കു വന്‍തോതില്‍ നഷ്ടമുണ്ടായി.
കേരള ലോട്ടറിയുടെ വില്പനപുനരാരംഭിച്ചിട്ടുപോലും വില്പനനേര്പകുതിയായി കുറഞ്ഞു. 50 ദിവസം കൊണ്ടു നോട്ട് പ്രതിസന്ധി തീരുമെന്നാണു പ്രധാനമന്ത്രി പറയുന്നത്. പക്ഷേ താത്കാലിക ആശ്വാസത്തിനുള്ള നോട്ടുകള്‍ വിപണിയിലെത്താന്‍ തന്നെ ആറു മാസം സമയമെടുക്കും. പിന്‍വലിച്ച മുഴുവന്‍ നോട്ടുകള്‍ അച്ചടിക്കാന്‍ ഒരു വര്‍ഷമെങ്കിലും സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനംകൊണ്ടു വന്‍കിട കമ്പനികള്‍ക്കു നഷ്ടമൊന്നുമില്ല. ജോലിക്കാരെ പിരിച്ചുവിട്ടോ, ഷിഫ്റ്റുകള്‍ മാറ്റിയോ നഷ്ടം നികത്തും. എന്നാല്‍ ചെറുകിടക്കാരാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. കൃഷി ചെയ്ത വിളകള്‍ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ കര്‍ഷകരും ദുരിതത്തിലാണ്. നോട്ട് നിരോധനത്തിലൂടെ കഷ്ടപാട് സാധാരണക്കാര്‍ക്കാണ്. ഗുണം പണക്കാര്‍ക്കും. കള്ളപ്പണക്കാര്‍ അവരുടെ കള്ളപ്പണം മുഴുവന്‍ വെളുപ്പിച്ചു കഴിഞ്ഞു.
100 കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തെന്നു വാര്‍ത്തകള്‍ കണ്ടു. ഇവയൊന്നും സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്തതല്ലെന്നും മോദിയുടെ പ്രിയപ്പെട്ട വാണിജ്യ ബാങ്കുകളില്‍ നിന്നു വിതരണം ചെയ്തവയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. 1967ല്‍ 27 ലക്ഷം രൂപയുടെ വിറ്റുവരവുമായി ആരംഭിച്ച കേരളാ ലോട്ടറിക്ക് ഇന്ന് 10,000 കോടി രൂപയുടെ വിറ്റുവരവുണ്ട്. ഈ വരുമാനം ആരുടേയും പോക്കറ്റുകളിലേക്കല്ല പോകുന്നത്. പൊതു നന്മയ്ക്കായി ചെലവഴിക്കുകയാണു ചെയ്യുന്നത്.
ലോട്ടറി പെന്ഷന് 500ല്‍ നിന്നു 1000 രൂപയായി വര്‍ധിപ്പിക്കുമെന്നും ലോട്ടറി വില്പനക്കാര്ക്കു ടിക്കറ്റ് വാങ്ങാനുള്ള സൗകര്യാര്‍ഥം കേരളത്തില്‍ 15 പുതിയ ഓഫീസുകള്‍ തുറക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കണ്‍വന്‍ഷനില്‍ സംസ്ഥാനപ്രസിഡന്റ് വി.എസ്. മണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.വി ജയരാജന്, ട്രഷറര്‍ പി.എം ജമാല്‍, ഭാരവാഹികളായ പി.ആര് ജയപ്രകാശ്, മുരളി കൊല്ലം, സിഐടിയു ജില്ലാ സെക്രട്ടറി സി.കെ മണിശങ്കര്‍, അലി അക്ബര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.