തിരുവനന്തപുരം: നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ഓരോ മേഖലയിലും ഉണ്ടായ നഷ്ടം അന്തിമ കണക്ക് ലഭ്യമാകുന്ന മുറയ്ക്ക് കേന്ദ്ര സർക്കാരിൽനിന്നു നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നു മന്ത്രി ഡോ: ടി.എം. തോമസ് ഐസക് നിയമസഭയെ അറിയിച്ചു. 2016 ഡിസംബർ മാസം 12 വരെയുള്ള താത്കാലിക കണക്കുകൾ പ്രകാരം നവംബറിൽ സംസ്ഥാനത്തെ എക്സൈസ് നികുതി വളർച്ച മുൻ വർഷത്തെ അപേക്ഷിച്ചു 3.15 ശതമാനം കുറവുവന്നു.
ഡിസംബറിലെ രജിസ്ട്രേഷൻ നികുതിയിൽ 34.63 ഇടിവുണ്ടായി. ഒക്ടോബറിൽ 19.8 ശതമാനം വളർച്ച രേഖപ്പെടുത്തിയ സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം ഡിസംബറിൽ 2.35 ശതമാനമായി കുറഞ്ഞു. വളർച്ചാ നിരക്കിലെ കുറവ് 17.45 ശതമാനമാണ്. ഡിസംബറിൽ വിൽപന നികുതിയിൽ 17.43 ശതമാനത്തിന്റെയും രജിസ്ട്രേഷൻ നികുതിയിൽ 26.40 ശതമാനത്തിന്റെയും വാഹനനികുതിയിൽ 11.44 ശതമാനത്തിന്റെയും ആകെ തനതു വരുമാനത്തതിൽ 16.33 ശതമാനത്തിന്റെയും കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
അസാധു നോട്ടു മാറ്റിവാങ്ങാനായി ബാങ്കിൽ ക്യൂ നിൽക്കുന്നതിനിടെ കൊല്ലം, മലപ്പുറം, കണ്ണൂർ, ആലപ്പുഴ എന്നീ ജില്ലകളിൽ ഒരാൾ വീതം മരണപ്പെട്ടിട്ടുണ്ട്. ഇവർക്കു സഹായം നൽകുന്ന കാര്യം സർക്കാർ പരിശോധിക്കും. ജിഎസ്ടി വരുന്നതോടെ വാണിജ്യ നികുതി ചെക്പോസ്റ്റുകൾ ഇല്ലാതാകും. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽ നിന്നു ബില്ല് ഇല്ലാതെ സാധനങ്ങൾ വാങ്ങി കേരളത്തിലും ബില്ല് ഇല്ലാതെ വ്യാപാരം ചെയ്യുമെന്ന അപകടമുണ്ട്. ഇതു പരിശോധിക്കാൻ വാളയാർ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലെ ഊടുവഴികളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കും.
നാലു വർഷമായി നികുതി വരുമാനത്തിൽ 10 ശതമാനം വർധനവു മാത്രമാണുള്ളത്. നികുതി ചോർച്ചയാണ് ഇതിനു പ്രധാന കാരണം. ഇത്തരക്കാരെ പിടികൂടണമെന്നു തന്നെയാണ് സർക്കാർ നിലപാട്. എന്നാൽ, ചെറുകിട കച്ചവടക്കാരിൽ നിന്ന് വിൽപ്പന നികുതി ബലപ്രയോഗത്തിലൂടെ പിരിച്ചെടുക്കുന്നെന്ന പരാതിയിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പി.ഉണ്ണി, പി.സി.ജോർജ് എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി ഐസക്.