വൈപ്പിന്: വൈപ്പിന് മണ്ഡലത്തില് എന്ഡിഎ വോട്ടുകള് ബിഡിജെഎസ് വഴി സിപിഎം വിലയ്ക്കു വാങ്ങിയെന്ന ആരോപണവുമായി യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി രംഗത്ത്.
ഇതിന്റെ തെളിവുകൾ എന്നോണം ഡോ. തോമസ് ഐസക്ക്, സ്ഥാനാര്ഥി കെ.എന്. ഉണ്ണിക്കൃഷ്ണൻ, സിപിഎം പാര്ട്ടി അംഗങ്ങൾ, എസ്എന്ഡിപി നേതാക്കൾ ഒരുമിച്ചിരുന്നു അത്താഴം കഴിക്കുന്ന ഫോട്ടോയും യുഡിഎഫ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
വൈപ്പിന് നിയോജകമണ്ഡലം എന്ഡിഎ കണ്വീനറും ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റുമായ രണ്ജിത്ത് രാജ്വിയുടെ ഓച്ചന്തുരുത്തിലുള്ള വസതിയിലാണ് അത്താഴവിരുന്ന് സംഘടിപ്പിച്ചത്.എന്ഡിഎ കണ്വീനറുടെ ഭാര്യ എസ്എന്ഡിപി വനിതാസംഘം സംസ്ഥാന പ്രസിഡന്റുകൂടിയാണ്.
മാര്ച്ച് 28നു തോമസ് ഐസക് ചെറായിയില് തെരഞ്ഞെടുപ്പ് പ്രചരണത്തിനു വന്ന ദിവസം രാത്രിയിലാണ് അത്താഴ വിരുന്നൊരുക്കിയതെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല് കണ്വീനര് വി.എസ്. സോളിരാജ് ആരോപിച്ചു.
വൈപ്പിനില് 25,000 ത്തോളം വോട്ടുകള് നേടുമെന്നതായിരുന്നു എന്ഡിഎ ഇക്കുറി പോളിംഗ് കഴിഞ്ഞപ്പോള് അവകാശപ്പെട്ടത്. എന്നാല് ലഭിച്ചതാകട്ടെ 13,540 വോട്ടുകള് മാത്രമാണ്.
ഇതാകട്ടെ 2019ല് നടന്ന ലോകസഭാ തെരഞ്ഞെടുപ്പില് വൈപ്പിന് മണ്ഡലത്തില്നിന്നും എന്ഡിഎ സ്ഥാനാര്ഥി നേടിയതിനെക്കാളും 1400 വോട്ടുകള് കുറവാണ്. ഇതു തന്നെ വോട്ടുകള് കച്ചവടം നടന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല് കണ്വീനര് ചൂണ്ടിക്കാട്ടി.
സന്ദര്ശനം കൃഷ്ണകുമാരിയെ കാണാൻ
എല്ഡിഎഫ് സ്ഥാനാര്ഥിയും തോമസ് ഐസക്കും ബിഡിജെഎസ് കണ്വീനറുടെ വസതിയില് പോയത് കണ്വീനറെ കാണാനല്ല മറിച്ച് അദ്ദേഹത്തിന്റെ ഭാര്യയും പൊതു പ്രവര്ത്തകയുമായ എസ്എന്ഡിപി വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരിയെ കാണാനെന്ന് വൈപ്പിന് എല്ഡിഎഫ് തെരഞ്ഞെടപ്പ് കമ്മിറ്റി ട്രഷറര് എ.പി. പ്രിനില് വ്യക്തമാക്കി. മണ്ഡലത്തിലെ പ്രമുഖരുടെ വസതി സന്ദര്ശനം എല്ലാ സ്ഥാനാര്ഥികളും നടത്താറുള്ളതാണ്.
അതിന് അവര് ഭക്ഷണം നല്കി സ്വീകരിച്ചത് അവരുടെ മര്യാദ. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്ത്വത്തില്നിന്നും ഒഴിഞ്ഞുമാറാന് വേണ്ടിയാണ് കോണ്ഗ്രസുകാര് ഇപ്പോള് ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളതെന്നും പ്രിനില് പറഞ്ഞു.
ആതിഥ്യമര്യാദ മാത്രം:എന്ഡിഎ കണ്വീനര്
വീട്ടില് വന്നവരെ ആതിഥ്യമര്യാദയോടെ സ്വീകരിച്ചതില് രാഷ്ട്രീയമില്ലെന്ന് എന്ഡിഎ വൈപ്പിന് മണ്ഡലം കണ്വീനര് രണ്ജിത്ത് രാജ്വി. തന്റെ ഭാര്യ കൃഷ്ണകുമാരി എസ്എന്ഡിപിയോഗം വനിതാ വിംഗിന്റെ സംസ്ഥാന പ്രസിഡന്റാണ്.
രാഷ്ട്രീയ സാമുദായിക ഭേതമന്യേ പലരും കൃഷ്ണകുമാരിയെ കാണാൻ എത്തുക സര്വസാധാരണമാണെന്നും രൺജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനു വേറെ വ്യഖ്യാനങ്ങള് കാണേണ്ടില്ലെന്നും കണ്വീനര് വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്ഥി ദീപക് ജോയിയും, എന്ഡിഎ സ്ഥാനാര്ഥി കെ.എസ്. ഷൈജുവും ഇതേ പോലെ തന്റെ ഭവനം സന്ദര്ശിച്ചിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേര്ത്തു.
വോട്ട് ചോർച്ച പരിശോധിക്കും
വൈപ്പിനിൽ എന്ഡിഎ പ്രതീക്ഷിച്ച വോട്ടുകള് ലഭിച്ചില്ലെന്ന് എന്ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്വീനര് അഡ്വ. വേദരാജ് പറഞ്ഞു. എന്നാൽ യുഡിഎഫ് ആരോപിച്ചവിധത്തില് അല്ല വോട്ടുകള് ചോര്ന്നിരിക്കുന്നത്. എന്ഡിഎ വൈപ്പിന് മണ്ഡലം കണ്വീനറുടെ ഭാര്യ ഒരു പൊതു പ്രവര്ത്തകയാണ്.
അവരെ പല രാഷ്ട്രീയക്കാരും സന്ദര്ശിക്കും. ഭര്ത്താവ് എന്ഡിഎ ക്കാരനാണെന്ന് കരുതി അവരെയൊക്കെ വിലക്കാന് കഴിയുമോയെന്നും വേദരാജ് അഭിപ്രായപ്പെട്ടു.