ആലപ്പുഴ: അർബുദം ഉൾപ്പടെയുള്ള മാരക രോഗങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ സർക്കാർ ആശുപത്രികളെ സജ്ജമാക്കണമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഇതിനായി സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ച കേരള ഗവ. നേഴ്സസ് അസോസിയേഷന്റെ സംസ്ഥാന കൗണ്‍സിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ആശുപത്രികളിൽ ഇപ്പോഴുള്ള സൗകര്യങ്ങൾ പരിമിതമാണ്. ഇതിനു ആരോഗ്യ മേഖലയിൽ വലിയ നവീകരണം നടത്തേണ്ടത് അനിവാര്യമാണ്. രോഗപ്രതിരോധം, ചികിത്സ, സാന്ത്വനം എന്നിങ്ങനെ സന്പൂർണ ആരോഗ്യപരിപാലനത്തിലേക്ക് സർക്കാർ അടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.ചികിത്സ സൗകര്യം ഉയർത്തുന്നതിനോടൊപ്പം ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കേണ്ടതുണ്ട്. ഈ വർഷം 3000 നഴ്സുമാരുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്.
അടുത്തവർഷം 2000 തസ്തികകൾ കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ സർക്കാർ ആശുപത്രികളിൽ കയറിയാൽ ചികിത്സ ലഭ്യമാകുന്ന സ്ഥലം കണ്ടെത്തുക പ്രയാസകരമാണ്. ആശുപത്രിക്കെട്ടിടങ്ങൾ അങ്ങനെയാണ് നിർമിച്ചിരിക്കുന്നത്. ഇത് മാറി കെട്ടിട നിർമാണത്തിന് വ്യക്തമായ പ്ലാൻ ഉണ്ടാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വിദ്യാഭ്യാസ വായ്പ തിരിച്ചടവിന്റെ കാര്യത്തിൽ നഴ്സിംഗ് വിദ്യാർഥികൾക്ക് മാത്രമാണ് സർക്കാർ ഇളവ് അനുവദിച്ചിരിക്കുന്നത്. നാടിന്റെ ചലനാത്മകതയിൽ നഴ്സിംഗ് വിഭാഗം വഹിക്കുന്ന പങ്കിന്റെ അടിസ്ഥാനത്തിലാണ് ഈ ഇളവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ കേരള ഗവ. നേഴ്സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി. ഉഷാ ദേവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒ.എസ്. മോളി സംഘടനാ റിപ്പോർട്ടും ട്രഷറർ സി. ജി. രാധാകൃഷ്ണൻ വരവുചെലവു കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.എം. സോഫി, സെക്രട്ടേറിയേറ്റ് അംഗങ്ങളായ, നിഷ ഹമീദ്, വി.ആർ. രാജു, എം.ആർ രജനി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഇന്ന് രാവിലെ 10ന് ടൗണ്‍ ഹാളിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. ഉഷാദേവി അധ്യക്ഷത വഹിക്കും. പി. കെ. ശ്രീമതി എംപി, ഫെറ്റോ ജനറൽ സെക്രട്ടി ടി.സി. മാത്തുക്കുട്ടി, പി.വി. രാജേന്ദ്രൻ, ഒ.എസ്.മോളി തുടങ്ങിയവർ സംസാരിക്കും.
12 മുതൽ പ്രതിനിധി സമ്മേളനത്തിൽ തുടക്കമാകും.