തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്കു മറുപടിയുമായി മന്ത്രി തോമസ് ഐസക്. വിഷയത്തിൽ ഉൗന്നിയ ചർച്ചയെ അട്ടിമറിക്കാൻ അതുമായി യാതൊരു ബന്ധവുമില്ലാത്ത കുതർക്കവുമായി പ്രതിപക്ഷ നേതാവ് ഇറങ്ങിയിരിക്കുകയാണെന്നും പരാമർശിത വിഷയത്തിൽ ഒന്നും പറയാനില്ലാത്തപ്പോഴാണ് ഈ അടവെന്നും ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
ശബരിമലയിൽ കുഴപ്പം സൃഷ്ടിക്കാൻ വരുന്നത് ആർഎസ്എസുകാരാണെന്നും അവരുടെ വക്കാലത്തെന്തിന് ചെന്നിത്തല ഏറ്റെടുക്കണമെന്നും ഐസക് ചോദിക്കുന്നു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
“വാട്ട് എബൌട്ടറി’ എന്നൊരു ലോജിക്കൽ ഫാലസിയെക്കുറിച്ച് നമ്മുടെ പ്രതിപക്ഷ നേതാവ് കേട്ടിട്ടുണ്ടോ ആവോ? ഒരു വിഷയത്തിൽ ഉൗന്നിയ ചർച്ചയെ അട്ടിമറിക്കാൻ അതുമായി യാതൊരു ബന്ധവുമില്ലാത്ത കുതർക്കവുമായി ഇറങ്ങും. പരാമർശിത വിഷയത്തിൽ ഒന്നും പറയാനില്ലാത്തപ്പോഴാണ് ഈ അടവ്. ലളിതമായി പറഞ്ഞാൽ, സ്ത്രീകളിൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്ന ആർത്തവാശുദ്ധിയെക്കുറിച്ച് എന്താണഭിപ്രായം എന്നു ചോദിച്ചാൽ അന്‍പത്തൊന്ന് വെട്ടിനെക്കുറിച്ച് പറയുന്നതാണ് വാട്ട് എബൌട്ടറി.
അറം പറ്റുന്നു എന്ന പ്രയോഗത്തിൽപിടിച്ചുള്ള അഭ്യാസമൊക്കെ അവിടെ നിൽക്കട്ടെ. ശബരിമലയിലെ യുവതിപ്രവേശം സാധ്യമാക്കിയ സുപ്രീംകോടതി വിധിയെക്കുറിച്ചാണല്ലോ നമ്മുടെ ചർച്ച. രമേശ് ചെന്നിത്തലയുടെ സുദീർഘമായ മറുപടി ഞാൻ വായിച്ചു നോക്കി. ഇപ്പറഞ്ഞ വിഷയത്തിലെ നിലപാടു കണ്ടുപിടിക്കാൻ. ആ വിഷയത്തിൽ മാത്രം തൊടാതെ ട്രിപ്പീസുകളിയിലെ പ്രാഗത്ഭ്യം പ്രദർശിപ്പിക്കുകയാണ് പതിവുപോലെ പ്രതിപക്ഷ നേതാവ്.
വിഷയം ശബരിമലയിലെ യുവതീപ്രവേശമാണ്. അതേക്കുറിച്ചു ചോദിക്കുന്പോൾ വിഷയം മാറ്റിയിട്ടൊന്നും ഒരു കാര്യവുമില്ല. എന്തിനാണ് ഇന്ന് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചത്? സമരം ആസൂത്രണം ചെയ്ത ബിജെപി പി·ാറിയത് പ്രതിപക്ഷ നേതാവ് അറിഞ്ഞിരിക്കുമല്ലോ? ആ സമരത്തിലേയ്ക്കാണല്ലോ കൊടിപിടിക്കാതെ പങ്കെടുക്കാൻ കോണ്‍ഗ്രസുകാരെ നിയോഗിച്ചത്? ഇപ്പോഴോ?
ശബരിമലയിൽ 144 പ്രഖ്യാപിച്ചത് പിൻവലിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഹൈക്കോടതി ശരിവെച്ച നടപടിയാണ്. അതു പിൻവലിക്കണമെന്ന് ആർക്കു വേണ്ടിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്? ശബരിമലയിൽ കുഴപ്പം സൃഷ്ടിക്കാൻ വരുന്നത് ആർഎസ്എസുകാരാണ്. നിയന്ത്രണങ്ങളിൽ പൊറുതിമുട്ടി സമരം ഉപേക്ഷിച്ചു പോകേണ്ടിവന്നതും അവർക്കാണ്. അവരുടെ വക്കാലത്തെന്തിന് രമേശ് ചെന്നിത്തല ഏറ്റെടുക്കണം?
ആർഎസ്എസുകാരായ വത്സൻ തില്ലങ്കേരി മുതൽ കെ.സുരേന്ദ്രൻ വരെയുള്ളവരാണ് ശബരിമലയിലെ നിയന്ത്രണങ്ങൾക്ക് കാരണക്കാർ. അവരിൽ ചിലർ ഇപ്പോൾ ജയിലിലാണ്. റാന്നി താലൂക്കിൽപ്പോലും പ്രവേശിക്കരുത് എന്ന നിബന്ധനയോടെയാണ് അക്രമികൾക്ക് ജാമ്യം ലഭിച്ചത്. ശബരിമലയിൽ അവർ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ ലൈവായി കണ്ടവരാണ് നാം. എന്തുകൊണ്ടാണ് അവർക്കെതിരെ ഒരക്ഷരം സഭയിലോ പുറത്തോ പ്രതിപക്ഷ നേതാവ് ഉച്ചരിക്കാത്തത്?
ശബരിമലയെച്ചൊല്ലി സംഘപരിവാർ സ്വീകരിക്കുന്ന നിലപാടുകൾക്കു പിന്നിലെ സവർണതാൽപര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ പ്രതിപക്ഷ നേതാവ് അരിശം കൊണ്ടിട്ടു കാര്യമില്ല. ചരിത്രത്തിൽ സാമാന്യമായ ധാരണയെങ്കിലുമുള്ള ആർക്കും ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിർക്കുന്ന സവർണതയുടെ രാഷ്ട്രീയത്തെ തിരിച്ചറിയാം.ശബരിമലയിലെ സ്ത്രീവിലക്കിനെ ന്യായീകരിക്കാൻ ആർത്താവശുദ്ധിയാണ് സുപ്രീംകോടതിയിൽ ഉന്നയിച്ചത്. ഇക്കാര്യം പരസ്യമാണ്.
തന്ത്രസമുച്ചയം, ശാങ്കരസ്മൃതി തുടങ്ങിയ പ്രാചീനഗ്രന്ഥങ്ങളെ ആധാരമാക്കി സ്ത്രീകൾക്ക് നിഷ്കർഷിച്ചിരിക്കുന്ന ആർത്തവാശുദ്ധിയെ ചെന്നിത്തലയും കോണ്‍ഗ്രസും അംഗീകരിക്കുന്നുണ്ടോ? ഈ പ്രാചീനഗ്രന്ഥങ്ങളിൽ വിവക്ഷിച്ചിരിക്കുന്ന ആചാരങ്ങൾ ഇക്കാലത്തും പാലിക്കണമെന്ന് പ്രതിപക്ഷ നേതാവിന് അഭിപ്രായമുണ്ടോ? എന്തുകൊണ്ടാണ് ഈ കാര്യങ്ങളിൽ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് സ്വീകരിച്ച നിലപാടിനോട് കേരളത്തിലെ ഘടകം വിയോജിക്കുന്നത്? അതിന്റെ കാരണങ്ങൾ പറയൂ. നമുക്കു ചർച്ച ചെയ്യാം.
ശബരിമല കേസിലെ സുപ്രിംകോടതി അദ്ദേഹം മനസിരുത്തി വായിച്ചിട്ടുണ്ടോ എന്നെനിക്ക് സംശയമുണ്ട്. Convention on Elimination of all forms of Discrimination Against Women (CEDAW) എന്ന അന്താരാഷ്ട്ര ഉടന്പടിയെക്കുറിച്ച് ആ വിധിയിൽ പ്രതിപാദിച്ചിട്ടുണ്ട്. 1980ലാണ് ഈ ഉടന്പടിയിൽ ഇന്ത്യ ഒപ്പുവെച്ചത്. ആർത്തവത്തെ ആധാരമാക്കി പാരന്പര്യമായി സ്ത്രീയ്ക്കു കൽപ്പിച്ചിരിക്കുന്ന ഭ്രഷ്ട് തുടങ്ങിയ വിവേചനങ്ങൾ ഒഴിവാക്കേണ്ടത് ഈ ഉടന്പടിയിൽ ഒപ്പുവെച്ച അംഗരാഷ്ട്രങ്ങളുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യങ്ങൾ ഹർജിക്കാർ സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിശ്വാസികളെപ്പിടിച്ചാണല്ലോ, ഇരട്ടത്താപ്പിന്റെയും മലക്കം മറിയലിന്റെയും പുതിയ അടവുകൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ കാര്യവും പറയാം. ഏതു വിശ്വാസിക്കൊപ്പമാണ് ചെന്നിത്തലയും സംഘവും? ശബരിമലയിൽ സ്ത്രീകൾ പ്രവേശിപ്പിക്കരുത് എന്ന നിലപാടാണോ എല്ലാ വിശ്വാസികൾക്കും? അല്ലല്ലോ. നിത്യ ചൈതന്യയതി മുതൽ ലീലാവതി ടീച്ചർ വരെയുള്ളവരെ വിശ്വാസികളുടെ ഗണത്തിൽപ്പെടുത്താൻ രമേശ് ചെന്നിത്തല തയ്യാറാകുമോ?
1991ലെ ഹൈക്കോടതി വിധി വന്നപ്പോൾ അതിനെ ധീരമായി എതിർത്ത വിശ്വാസിയാണ് നിത്യചൈതന്യ യതി. സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത വിശ്വാസിയാണ് ലീലാവതി ടീച്ചർ. അങ്ങനെ രാജ്യത്തെ ഭരണഘടനയ്ക്കും സുപ്രിംകോടതി വിധിയ്ക്കും ഒപ്പം നിൽക്കുന്ന വിശ്വാസികളുണ്ട്. അവരെ പരിഗണിക്കാനോ അവരുടെ നിലപാടു മനസിലാക്കാനോ രമേശ് ചെന്നിത്തല തയ്യാറാകുമോ? ഈ വിശ്വാസികളെ തഴഞ്ഞ് ആർഎസ്എസിനും സംഘപരിവാറിനും ഒപ്പം നിൽക്കുന്നതിന്റെ ന്യായമെന്ത്?
ഇക്കാര്യങ്ങളിലൊക്കെ എന്താണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്? കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട നേതാവല്ലേ, രമേശ് ചെന്നിത്തല? നിലപാടു പറയാനുള്ള ബാധ്യതയിൽ നിന്ന് എന്തിനൊളിച്ചോടുന്നു? കാടുംപടപ്പും തല്ലി ഒച്ചയുണ്ടാക്കി ആരെപ്പറ്റിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്?
“ഈ ലോകം നശിക്കുന്നതു തിൻമ ചെയ്യുന്നവരെ കൊണ്ടായിരിക്കുകയില്ല, പകരം തിൻമ കണ്ടിട്ട് അതിനെതിരെ പ്രതികരിക്കാതിരിക്കുന്നവരെ കൊണ്ടായിരിക്കും’എന്ന ആൽബർട്ട് ഐൻസ്റ്റീന്റെ വരികൾ രമേശ് ചെന്നിത്തല തന്റെ മറുപടിക്കുറിപ്പിൽ ഉദ്ധരിച്ചിട്ടുണ്ട്. നല്ല കാര്യം.
തിൻമ ചെയ്യുന്ന ആർഎസ്എസും അതിനെതിരെ പ്രതികരിക്കാതിരിക്കുന്ന ചെന്നിത്തലയും തീർച്ചയായും ഐൻസ്റ്റീൻ കുറിച്ച വരികളുടെ പരിധിയിൽ വരും. കേരള ജനതയെ അതോർമിപ്പിച്ചതിന് നന്ദി.