തിരുവനന്തപുരം: നോട്ടിന്റെ ലഭ്യത കുറഞ്ഞതിനെ തുടർന്നു ലഭിച്ച നോട്ടുകൾ ബാങ്കിൽ ഇടാതെ ജനങ്ങൾ കൈയിൽ തന്നെ സൂക്ഷിക്കുന്നതു വ്യാപകമായതാണു സംസ്ഥാനത്തെ കറൻസി ക്ഷാമത്തിനു കാരണമാകുന്നതെന്നു ധനമന്ത്രി തോമസ് ഐസക്. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നിക്ഷേപിച്ച പണം തിരികെ എടുക്കാൻ ചെല്ലുന്പോൾ ബാങ്കുകൾ പിഴകൾ ഈടാക്കാൻ തുടങ്ങിയതും മറ്റു വ്യവസ്ഥകൾ കർശനമാക്കിയതുമാണു കറൻസി കൈയിൽ സൂക്ഷിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണു മനസിലാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയമാണ് ഇതിനൊക്കെ കാരണം.
ധനമന്ത്രിമാർ പങ്കെടുക്കുന്ന ജിഎസ്ടി യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഇക്കാര്യം പ്രമേയമായി കേന്ദ്ര സർക്കാരിനെ അറിയിക്കും- ധനമന്ത്രി പറഞ്ഞു.നോട്ട് പിൻവലിക്കലിനുശേഷം ഈ വിഷുക്കാലത്താണ് കേരളത്തിൽ നോട്ട് ക്ഷാമം രൂക്ഷമായതെന്നും മന്ത്രി പറഞ്ഞു.