പേരാന്പ്ര: സംസ്ഥാനത്തിന്റെ സമഗ്ര വികസനമാണ് സർക്കാറിന്റെ ലക്ഷ്യമെന്നും ഭരണത്തിലേറി ഒരു വർഷം കൊണ്ടു തന്നെ എല്ലാ മേഖലയിൽ നിന്നും അഴിമതി തുടച്ചു മാറ്റി വലിയ പുരോഗതി കൈവരിക്കാനായെന്നും മന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു.എൽഡിഎഫ് സർക്കാറിന്റെ ഒന്നാം വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം പേരാന്പ്ര സുരഭിഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് 4000 കോടി രൂപ നീക്കി വെക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന്റെ ശുഭസൂചനയെന്നോണം ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികളാണ് പൊതു വിദ്യാലയങ്ങളിലേക്ക് തിരികെ വന്നത്. ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനമാണ് സർക്കാർ കാഴ്ചവെച്ചത് .4000 ത്തോളം ഡോക്ടർമാരുടെയും നേഴ്സ്മാരുടെയും തസ്തിക സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കാർഷിക പരന്പരാഗത വ്യവസായ മേഖലയിൽ സർക്കാർ പുത്തനുണർവ് സൃഷ്ടിച്ചു.
ഇതിന്റെ ഭാഗമായി തരിശുരഹിത സംസ്ഥാന പദ്ധതി എന്ന ലക്ഷ്യവും കൈവരിച്ചു വരുന്നു. കയർ കശുവണ്ടി കൈത്തറി മേഖലയുടെ സംരക്ഷണത്തിന് തുക വകയിരുത്തിയതായും മന്ത്രി പറഞ്ഞു .മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സിപിഐ സംസ്ഥാന എക്സി .മെന്പർ സി എൻ ചന്ദ്രൻ ,എ കെ പത്മനാഭൻ മാസ്റ്റർ, കെ കുഞ്ഞമ്മദ് മാസ്റ്റർ, എ കെ ചന്ദ്രൻ മാസ്റ്റർ, കെ പി എം ബാലകൃഷ്ണൻ, എം കുഞ്ഞമ്മത്, എൻ.കെ രാധ, കെ.പ്രദീപൻ, കെ.പി ആലിക്കുട്ടി, എൻ.പി ബാബു തുടങ്ങിയവർ സംസാരിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി പേരാന്പ്രയിൽ വിവിധ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനങ്ങളും നടന്നു.