മകളുടെ കല്യാണത്തിനായി അമേരിക്കയിലെത്തിയപ്പോള്‍ പഴയ സിഐഎ ചാരനായിരുന്ന റിച്ചാര്‍ഡ് ഫ്രാങ്കിയെ കണ്ടിരുന്നതായി ധനമന്ത്രി തോമസ് ഐസക്. കലാകൗമുദി മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഐസക് ഇക്കാര്യം വെളിപ്പെടുത്തിയത്. സുഹൃത്തായ സിഐഎ ചാരനൊപ്പം രഹസ്യ രേഖകള്‍ പരിശോധിച്ചതിനെപ്പറ്റി അദ്ദേഹം പറയുന്നത് ഇങ്ങനെ:
1957-59 കാലത്തെ കേരളത്തെക്കുറിച്ചുള്ള അമേരിക്കന്‍ വിദേശകാര്യ, സിഐഎ രേഖകള്‍ അന്വേഷിച്ചുവരികയാണ് ഞാന്‍. വിമോചനസമരത്തെക്കുറിച്ച് പുസ്തകമെഴുതാന്‍ കുറെയേറെ പഠിച്ചിരുന്നു. ന്യൂയോര്‍ക്ക് ഐസനോവര്‍ പ്രസിഡന്‍ഷ്യല്‍ ആര്‍ക്കേവ്‌സില്‍ സിഐഎ രേഖകളുടെ വന്‍ ശേഖരമുണ്ട്. അതു തിരയാന്‍ സഹായികളായത് റിച്ചാര്‍ഡ് ഫ്രാങ്കിയും ഭാര്യയുമാണ്. ആര്‍ക്കേവ്‌സില്‍ പരിശോധിക്കാന്‍ ആകെ രണ്ടുദിവസമേ ഉണ്ടായിരുന്നുള്ളു.
കാറ്റലോഗ് നോക്കി ആവശ്യപ്പെട്ടാല്‍ ശേഖരം കിട്ടും. കിട്ടിയതില്‍വച്ച് ഏറ്റവും പ്രധാനം 1959 ഓഗസ്റ്റില്‍ കേരളത്തെക്കുറിച്ച് സിഐഎ എഴുതിയ ഫയലായിരുന്നു. ഒരു നിമിഷം ആഹ്ലാദിച്ചെങ്കിലും ഫയല്‍ തുറന്നപ്പോള്‍ കാലി. ഇപ്പേഴും സംഗതി പരമരഹസ്യം. എന്തായിരിക്കാം ആ റിപ്പോര്‍ട്ടെന്ന ആകാംക്ഷ ഇപ്പോഴുമുണ്ട്. പുറത്തറിയാന്‍ പാടില്ലാത്ത എന്തോ ആണെന്ന് ഉറപ്പ്. എന്നെ ഞെട്ടിച്ച ഒരു കാര്യം എനിക്കുമുമ്പേ ആരോ ആ ഫയല്‍ പരിശോധിച്ചിട്ടുണ്ട്. അതും ഒരു വര്‍ഷം മുമ്പ്. അയാള്‍ പരിശോധിച്ചശേഷമാണ് ഫയല്‍ വീണ്ടും രഹസ്യ രേഖയായി സൂക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ഉറപ്പ്. അപ്പോള്‍ ആരാകാം ആ ആജ്ഞാതന്‍. എന്തായാലും കൂടുതല്‍ തെരച്ചിലുകള്‍ക്കായി ഫ്രാങ്കിയെയും ഭാര്യയെയും ഏര്‍പ്പാടാക്കിയിരിക്കുകയാണ്.