കേരളത്തിലെ ഭരണസംവിധാനത്തിന് നിരവധി പോരായ്മകളുണ്ടെന്ന വിമര്ശനവുമായി മുന് മന്ത്രി തോമസ് ഐസക്.
രാജ്യത്തെ താരതമ്യേന കാര്യക്ഷമവും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഭരണയന്ത്രമാണ് കേരളത്തിന്റേതെങ്കിലും അതിന് നിരവധി പോരായ്മകളുണ്ടെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമര്ശനം.
‘പഠന കോണ്ഗ്രസുകളും ഭരണ പരിഷ്കാരവും: ഒരവലോകനം’ എന്ന തലക്കെട്ടില് ‘ചിന്ത’ വാരികയില് എഴുതിയ ലേഖനത്തിലാണ് ഐസക് ഭരണസംവിധാനത്തെ വിമര്ശിച്ച് രംഗത്തെത്തിയത്.
കേരളത്തിന്റെ ഭരണ സംവിധാനത്തിനുള്ള പോരായ്മകളുടെ തെളിവുകളിലൊന്നാണ് അനിശ്ചിതമായി നീണ്ടുപോകുന്ന പദ്ധതികള്.
വന്കിട പ്രൊജക്ടുകള് ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ല. സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്നങ്ങള് കൈകാര്യം ചെയ്യാന് കഴിയുന്നില്ല.
സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്. വ്യവസായ പ്രോത്സാഹന ഏജന്സികളുടെ പ്രവര്ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകള് പലപ്പോഴും ജനവിരുദ്ധമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
പൊതുമേഖലയെയും പൊതുസംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വിജയിക്കണമെങ്കില് ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയര്ത്തിയേ തീരൂ.
നിയോ ലിബറല് സര്ക്കാര് ഭരണയന്ത്രത്തിനു ബദലായി ഒരു ജനകീയ ഭരണയന്ത്രത്തിനു രൂപം നല്കാന് കഴിയണമെന്നും ഐസക് പറഞ്ഞു.
കാലോചിതമായി നടത്തേണ്ട പരിഷ്കരണങ്ങള് ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജനസൗഹാര്ദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടായിട്ടുള്ളതെന്ന് ഐസക് കുറ്റപ്പെടുത്തി.
ഭരണപരിഷ്കരണവുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാല് ഇടതുപക്ഷ സര്ക്കാരുകള് ഇത്തരം പരിശ്രമങ്ങള് ഓരോ ഘട്ടത്തിലും സ്വീകരിച്ചിരുന്നുവെന്നും വലതുപക്ഷ സര്ക്കാരുകള് അതിനെ ഉള്ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാന് തയ്യാറായിരുന്നില്ല എന്നും കാണാനാകുമെന്നും തോമസ് ഐസക് കുറിച്ചു.