മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും തമ്മില്‍ ശത്രുതയിലാണോ? ഒരു യോഗത്തില്‍വച്ച് പിണറായി ധനമന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്നും ഐസക് രാജിക്കൊരുങ്ങിയെന്നും ജന്മഭൂമി പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ മുമ്പില്‍വച്ചുള്ള പരസ്യ അപമാനത്തില്‍ ദു:ഖിതനായ ധനമന്ത്രി ഇക്കാര്യം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അറിയിച്ചുവത്രേ. രാജിഭീഷണിയില്‍ ഉറച്ചുനിന്ന ഐസക്കിനെ കേന്ദ്രനേതൃത്വം ഇടപെട്ടാണ് ശാന്തനാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജന്മഭൂമിയുടെ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍: മോശമായി വിജയന്‍ പെരുമാറിയത് ഉദ്യോഗസ്ഥരുടെ മുന്‍പില്‍ പരസ്യമായിട്ടായതിനാല്‍, യോഗത്തില്‍ ഐസക്ക് മൗനം പാലിച്ചു. അതു കഴിഞ്ഞ്, ഓഫീസില്‍ ചെന്ന് രാജിക്കത്തെഴുതി, ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരെ വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്നുണ്ടായ പ്രതിസന്ധി കനം കൂട്ടിയ മണിക്കൂറുകളില്‍, അടിയന്തര ഇടപെടലുകള്‍ വഴി വെടിനിര്‍ത്തലുണ്ടായി. എന്നാല്‍, അശാന്തി ഒഴിഞ്ഞിട്ടില്ല. ഈ പ്രശ്‌നം ചര്‍ച്ച ചെയ്ത് വഷളാകാതിരിക്കാനാണ് പിണറായി കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നു വിശ്വസിക്കപ്പെടുന്നു.
സംഭവം എന്നുണ്ടായി എന്നു കൃത്യമായി പറയുന്നില്ലെങ്കിലും, ഐസക്ക് കുറെ നാളായി തുടരുന്ന മൗനം ആരംഭിച്ച ദിവസത്തിനു തലേന്നായിരുന്നു സംഭവം എന്ന് ഊഹിക്കുന്നതാണ്, എളുപ്പം. വളരെക്കാലമായി, ഐസക്ക് അച്യുതാനന്ദപക്ഷം ചേര്‍ന്നതു മുതല്‍, പിണറായി വിജയന്‍ ഐസക്കുമായി സംസാരിക്കാറില്ല.
ഐസക്ക് പോകുന്നെങ്കില്‍ പോകട്ടെ എന്നു തന്നെയാണ്, വിജയന്റെ സമീപനം. അതുകൊണ്ടാണ്, വെറും പ്രാദേശിക സാമ്പത്തിക ശാസ്ത്രജ്ഞനായി ഐസക്കിനെ കരുതി, ഹാര്‍വാഡ് സര്‍വകലാശാലയിലെ ജോണ്‍ സ്വാന്‍സ്ട്ര പ്രൊഫസര്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആയ ഗീത ഗോപിനാഥിനെ, സാമ്പത്തിക ഉദേഷ്ടാവായി, ഐസക്കിനു മേല്‍, വിജയന്‍ കൊണ്ടുവന്നു വെച്ചത്. ഇരുവരും തമ്മിലുള്ള ശണ്ഠ ഇങ്ങനെ ഉച്ചസ്ഥായിയില്‍ എത്തിയെന്നും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.