തിരുവനന്തപുരം: ലോക്ക് ഡൗൺ കാരണം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്.
മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ജിഎസ്ടി വരുമാനത്തിൽ വൻ ഇടിവാണ് ഉണ്ടായത്. മെയ് മാസത്തെ അവസ്ഥ ഇതിലും മോശമായിരിക്കുമെന്നും ഐസക് പറഞ്ഞു.
ലോക്ക് ഡൗൺ മൂന്നാമതും നീട്ടിയ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് ഇതിനിടയിൽ എന്തു സംഭവിക്കുന്നുവെന്ന് ആലോചിക്കുന്നില്ലെന്നും സംസ്ഥാനങ്ങൾ തകരാതിരിക്കാൻ കേന്ദ്രം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തിൽ പ്രത്യേക സഹായമില്ലെങ്കിലും തരാനുള്ള പണമെങ്കിലും കൃത്യസമയത്ത് നൽകാൻ കേന്ദ്രം തയാറാകണം. സാമ്പത്തിക മാനേജുമെന്റെല്ല സാമ്പത്തിക കൂടോത്രമാണ് കേന്ദ്രസർക്കാരിന്റേത്.
സംസ്ഥാനത്തിന്റെ ജിഎസ്ടി കുടിശിക തന്നു തീർക്കാൻ കേന്ദ്രം തയാറാകണം. ഇക്കാര്യങ്ങൾ കേന്ദ്രത്തോട് ശക്തമായി ഉന്നയിക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികളോട് അഭ്യർഥിച്ചിട്ടുണ്ട്.
ധനകാര്യ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഈ ആവശ്യങ്ങൾ വീണ്ടും ഉന്നയിക്കും. ധനകാര്യ വർഷത്തിന്റെ ആദ്യ പാദത്തിൽ പ്രതീക്ഷിച്ചതിന്റെ നാലിൽ ഒന്ന് വരുമാനം പോലും കേരളത്തിന് കിട്ടിയിട്ടില്ലെന്നും വരുമാനം ഇല്ലാതെ കുടിശികകൾ തീർക്കുന്നത് വൻ സാമ്പത്തിക തിരിച്ചടിയുണ്ടാക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പളം കൊടുക്കാൻ ആയിരം കൂടി കടമെടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.