സിജോ ഡൊമിനിക്
ആലക്കോട്: സ്കൂൾ അടച്ച മാർച്ച് പത്തു മുതൽ ഒരു ദിവസം പോലും ലീവെടുക്കാതെ അവധിദിവസങ്ങളിലടക്കം സ്കൂളിലെത്തി സമൂഹത്തിന് മാതൃകയാകുകയാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് യുപി സ്കൂളിലെ പ്യൂൺ വായാട്ടുപറമ്പ് സ്വദേശി തുമ്പതുരുത്തേൽ ടി.ജെ. തോമസ്.
എന്തു വിശേഷദിവസമായാലും ആഘോഷത്തിൽ പങ്കുചേരാതെ തോമസ് സ്കൂളിലെത്തും.
സ്കൂളിൽ വരുന്നത് വെറുതെയാണെന്ന് ധരിച്ചുവെങ്കിൽ തെറ്റി. സ്കൂൾ കോന്പൗണ്ടിലെ മനോഹരമായ പൂന്തോട്ടം മുഴുവൻ ആദ്യം നനയ്ക്കും.
പിന്നീട് കളകൾ പറിച്ചു വൃത്തിയാകും. ശേഷം സ്കൂൾ മുറ്റത്തുതന്നെ അത്യാവശ്യം വേണ്ട പച്ചക്കറികൾ നട്ടുപിടിപ്പിക്കും.
അതിന്റെ പരിപാലനവും മറ്റു കാര്യങ്ങളുമായി സ്കൂളിൽത്തന്നെയാണ് തോമസിന്റെ ജീവിതത്തിന്റെ ഏറിയ പങ്കും.
ഉച്ചയ്ക്കു വീട്ടിലെത്തി ഊണിനുശേഷം വീണ്ടും സ്കൂളിലേക്ക്. വൈകുന്നേരംവരെ വീണ്ടും തന്റെ പ്രവർത്തനങ്ങളിൽ മുഴുകും.
വൈകുന്നേരം വീണ്ടും ചെടികൾക്കും പച്ചക്കറികൾക്കും വെള്ളം നനച്ച് തന്റെ ജോലിയിൽ വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് തോമസ്.
സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിർമിച്ച പൂന്തോട്ടത്തിന്റെ പരിപാലനം പൂർണമായും തോമസിന്റെ നേതൃത്വത്തിലാണ്.
സ്കൂൾ മുറ്റത്ത് മനോഹര പൂന്തോട്ടം നിർമിച്ചതിൽ തോമസിന്റെ പങ്ക് വളരെ വലുതാണെന്ന് അധ്യാപകരും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.
തോമസ് കൃഷിചെയ്ത പച്ചക്കറികളാണ് കോവിഡ് കാലത്ത് സ്കൂളിൽ നടന്ന പല പരിപാടികൾക്കും ഉച്ചഭക്ഷണത്തിനുള്ള കറിക്കുപയോഗിച്ചത്. 1986ൽ വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹൈസ്കൂളിലാണ് ഇദ്ദേഹം സർവീസ് ആരംഭിച്ചത്.
സർവീസിൽനിന്ന് വിരമിക്കാൻ തോമസിന് ഇനി രണ്ടുവർഷം കൂടിയുണ്ട്. ഇതിനിടയിൽ സ്കൂളിനെ ഒരു മാതൃകാ ജൈവകൃഷി ഇടമായി ഉയർത്തണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.
സ്കൂളിലെത്തുന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും ഏതാവശ്യത്തിനും സമീപിക്കാവുന്ന വ്യക്തിത്വത്തിന് ഉടമയാണ് തോമസ്.
കോവിഡ് കാലത്ത് സ്കൂൾ വിദ്യാർഥികൾക്ക് സർക്കാർ നൽകിയ കിറ്റ് വിതരണം, അരി വിതരണം തുടങ്ങി എല്ലാ കാര്യങ്ങളിലും സ്കൂളിൽ മുൻപന്തിയിൽനിന്ന് നയിക്കുന്നതും ഇദ്ദേഹം തന്നെയാണ്.