കോട്ടയം: പെട്രോൾ -ഡീസൽ വിലക്കുതിപ്പിൽ പ്രതിഷേധിച്ച് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് തോമസ് കോട്ടൂർ ബജറ്റ് അവതരണത്തിനെത്തിയത് സൈക്കിളിൽ.
നീണ്ടൂരിൽനിന്ന് ഏറ്റുമാനൂരിലേക്കും തിരിച്ചും എട്ടു കിലോമീറ്റർ വീതമാണ് സൈക്കിൾ ചവിട്ടിയത്. ഇന്ധനവില വർധനവിനെതിരെ പ്ലക്കാർഡും സൈക്കിളിൽ സ്ഥാപിച്ചിരുന്നു.
ഇന്ധനവില താങ്ങാനാവാതെ വലയുന്നവർ അനേകായിരങ്ങളാണ്. ടാക്സിക്കാരും മറ്റും ഇതേത്തുടർന്നു കടുത്ത ഞെരുക്കത്തിലുമാണ്. ബജറ്റിൽ ഇത്തരക്കാരെ സഹായിക്കാൻ പണം വകയിരുത്താനാവില്ല.
ഈ സാഹചര്യത്തിൽ ഈ സമൂഹത്തിന്റെ പ്രതിഷേധത്തിനു പിന്തുണ അറിയിച്ചാണ് സൈക്കിൾ ചവിട്ടി പഞ്ചായത്തിലെത്തിയതെന്ന് തോമസ് കോട്ടൂർ പറഞ്ഞു.
43 കോടി രൂപ വകയിരുത്തിയ ബജറ്റ് കോപ്പി സൈക്കിളിലെ ബോക്സിൽ വച്ചാണ് തോമസ് കോട്ടൂർ പഞ്ചായത്തിലെത്തി ബജറ്റ് അവതരിപ്പിച്ചത്.
നീണ്ടൂർ മുതൽ ഏറ്റുമാനൂർ വരെ ടാക്സി തൊഴിലാളികൾ രാഷ്ട്രീയ ഭേദമെന്യേ വൈസ്പ്രസിഡന്റിന് അഭിവാദ്യം അർപ്പിച്ചു.