കോഴഞ്ചേരി: ജീവിച്ചിരിക്കുന്പോൾ മഹാവീര ചക്ര ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ച ഏക മലയാളി. അതാണ് ഇന്നലെ അന്തരിച്ച ക്യാപ്റ്റൻ തോമസ് ഫിലിപ്പോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയെ ആക്രമിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഏതാണ്ട് അര നൂറ്റാണ്ടുമുന്പാണ് തന്റെ 33-ാം വയസിൽ ക്യാപ്റ്റൻ നേരിട്ടത്.
1971 ഡിസംബർ നാലിന് പഞ്ചാബിൽ പാക്കിസ്ഥാൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ പങ്കെടുത്ത അദ്ദേഹം നിലത്തുകൂടി കിലോമീറ്ററുകൾ ഇഴഞ്ഞ് പാക് കേന്ദ്രത്തിലെത്തി അവരുടെ ബങ്കറുകളിൽ ഗ്രനേഡുകൾ വർഷിച്ച് ചാന്പലാക്കിയതിലൂടെയാണ് രാജ്യത്തിന് അഭിമാനമായത്. തിരികെ പോരുന്നതിനിടെ വെടിയേറ്റെങ്കിലും ജീവൻ നിലനിർത്തി. 1972 ജനുവരി 28നാണ് രാജ്യം അദ്ദേഹത്തിന് മഹാവീരചക്രം സമ്മാനിച്ചത്.
രാജ്യസ്നേഹത്തിന്റെയും ധീരതയുടെയും വീരേതിഹാസം എന്നും നിലനിർത്താൻ തനിക്കു ലഭിച്ച മഹാവീരചക്ര ബഹുമതി അദ്ദേഹം സ്വന്തം ഭവനത്തിനു നൽകി- മഹാവീരചക്ര ഭവൻ. രാജ്യം സ്വാതന്ത്ര്യത്തിന്റെ അന്പതാം വാർഷികം ഒരു വർഷക്കാലം ലോകത്തിലുടനീളംസഞ്ചരിക്കാൻ ഭാരത സർക്കാരും എയർ ഇന്ത്യയും ചേർന്ന് ഏർപ്പെടുത്തിയ ടൂർ പാക്കേജിൽ പങ്കെടുക്കാൻ തോമസ് ഫിലിപ്പോസിനും ഭാര്യ ചിന്നമ്മയ്ക്കും ഭാഗ്യം ലഭിച്ചിരുന്നു.
മരണത്തെ തൊട്ടറിഞ്ഞ യുദ്ധസ്മരണകൾ തോമസിനെ എന്നും വാചാലനാക്കിയിരുന്നു. 1971 ഡിസംബർ നാലിന് ഇന്ത്യൻ സൈന്യം പഞ്ചാബിലെ മാവോ എന്ന സ്ഥലത്തുനിന്നു പാക്കിസ്ഥാനിലേക്കു പടയോട്ടം ആരംഭിച്ചു. കൃഷിഭൂമിയിലൂടെയായിരുന്നു ആദ്യ മുന്നേറ്റം.
പാക്ക് ഭടൻമാർ സ്ഥാപിച്ചിരുന്ന മൈനുകൾ മിലിട്ടറി എൻജിനിയർമാർ മുന്പേ പോയി നിർവീര്യമാക്കിക്കൊണ്ടിരുന്നു. അവർ ഒരുക്കിത്തരുന്ന വഴിയിലൂടെ ഇന്ത്യൻ സേന പത്തു ദിവസം മുന്നേറി. ഡിസംബർ 15ന് ഇന്ത്യൻ സേനയുടെ 36 അംഗങ്ങൾ അടങ്ങുന്ന 16ാം നന്പർ മദ്രാസ് തിരുവിതാംകൂർ റെജിമെന്റ് റാവൽപിണ്ടിക്ക് 15 കിലോമീറ്റർ അകലെ നിലയുറപ്പിച്ചു.
പിന്നെ നടന്നതു പൊരിഞ്ഞ പോരാട്ടം. അനവധി പാക് ഭടൻമാർ മരിക്കുകയും മുറിവേൽക്കുകയും ചെയ്തു. ഇന്ത്യയുടെ ഭാഗത്ത് 36 അംഗ സംഘത്തിലെ എട്ടു പേർ മരിക്കുകയും ലീഡർ ഉൾപ്പെടെ എട്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ലീഡറിന്റെ ഇരു കാലുകൾക്കും വെടിയേറ്റതോടെ സംഘത്തെ നയിക്കാനുള്ള ചുമതല തോമസ് ഫിലിപ്പോസിനായി. 300ലേറെ പാക് ഭടൻമാരെ നേരിടാൻ ഇന്ത്യൻ സൈന്യത്തിന് അപ്പോഴുളളത് 16 പേർ മാത്രം. ഇന്ത്യൻ സൈനികരുടെ തോക്കുകൾ തെരുതെരെ ഗർജിച്ചപ്പോൾ പാക്പട തിരിഞ്ഞോടി. അതിനിടെ, പാക് അതിർത്തി ഭേദിച്ച് സേന 48 കിലോമീറ്റർ ഉള്ളിലെത്തിയിരുന്നു.
ഈ സമയം ഒരു കന്പനി ഇന്ത്യൻ പട്ടാളംകൂടി സ്ഥലത്തെത്തി. ഇതോടെ പാക്കിസ്ഥാൻ വ്യോമാക്രമണം തുടങ്ങി. അവർ വെടിവയ്പ് തുടരുന്നതിനിടയിൽ തോമസ് ഫിലിപ്പോസ് നിലത്തുകൂടി ഇഴഞ്ഞു മുന്നോട്ടുനീങ്ങി പാക് കേന്ദ്രത്തിലെത്തി അവരുടെ ബങ്കറുകളിൽ ഗ്രനേഡുകൾ വർഷിച്ച് അവിടം ചാന്പലാക്കി.
തിരികെ പോരുന്നതിനിടെ പുറത്തു പാക് ഭടൻമാരുടെ വെടിയുണ്ട തുളച്ചുകയറി. ചോരവാർന്ന ശരീരവുമായി നിലത്തുകിടന്നു പിടഞ്ഞു. ഒടുവിൽ ആരോ വലിച്ച് ഇന്ത്യൻ ക്യാന്പിലെത്തിച്ചു. വേദന കടിച്ചിറക്കി അവിടെ കഴിഞ്ഞു. പിന്നീട് പത്താൻകോട്ട് മിലിട്ടറി ആശുപത്രിയിലെത്തിച്ചു. ബോധം നഷ്ടമായ ഇദ്ദേഹത്തെ മരിച്ചവരുടെ വിഭാഗത്തിൽപ്പെടുത്തി ഒരു മുറിയിലേക്ക് തള്ളി.
ഇതിനകം ഇദ്ദേഹത്തിന്റെ മരണവാർത്ത രേഖപ്പെടുത്തിയ തപാൽ സന്ദേശം നാട്ടിലെത്തിയിരുന്നു. എന്നാൽ, മുറിയിലെത്തിയ ഒരു തൂപ്പുകാരൻ ഇദ്ദേഹത്തിന് ബോധമുണ്ടെന്നു കണ്ടെത്തി. തുടർന്ന് വീണ്ടും ആശുപത്രിയിലാക്കി. 22 ദിവസത്തെ ചികിത്സയ്ക്കുശേഷം ജീവിതത്തിലേക്കു മടങ്ങിയെത്തി. 1972 ജനുവരി 28 ന് അന്നത്തെ രാഷ്ട്രപതി വി.വി. ഗിരി ക്യാപ്റ്റൻ തോമസിന് മഹാവീരചക്ര സമ്മാനിച്ചു.